
കൽപ്പറ്റ : വയനാട് വൈത്തിരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധിപ്പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. നാൽപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസിന്റെ മുൻഭാഗം പൂർണ്ണമായും കടയുടെ ഉള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. കട പൂർണമായും തകർന്നു. കടയിലുണ്ടായിരുന്ന ഹംസ എന്ന വ്യാപാരിക്കും പരിക്കേറ്റു. സമീപത്തെ സ്റ്റേഷനറി കടയും ഭാഗികമായി തകർന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ബസ് പുറത്തെടുത്തത്.
അതിനിടെ തൃശൂരിൽ ഇന്ന് രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. പുന്നയൂർക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് ഇരുമ്പുഷീറ്റ് റോഡിലേക്ക് തെറിച്ചുവീണുണ്ടായ അപകടത്തിലാണ് വഴിയാത്രക്കാരായ രണ്ടുപേർ മരിച്ചത്. പുന്നയൂർക്കുളം അകലാട് മഠത്തിപ്പറമ്പിൽ മുഹമ്മദാലി ഹാജി, കിഴക്കേ തലക്കൽ ഷാജി എന്നിവരാണ് മരിച്ചത്. രാവിലെ 7 ന് അകലാട് സ്‌കൂളിന് സമീപമെത്ത് വെച്ച് ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് ഷീറ്റുകൾക്കിടയിൽ നിന്ന് ഇവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിയായ സുരക്ഷയില്ലാതെയാണ് ഷീറ്റുകൾ കൊണ്ടുവന്നത്. അപകടം ഉണ്ടായ ഉടൻ ഡ്രൈവർ കടന്നുകളഞ്ഞു.
കയ്പമംഗലം പനമ്പിക്കുന്നിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. വയനാട് മാനന്തവാടി സ്വദേശി തെറ്റാൻ വീട്ടിൽ നിസാം (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടിൽ ജാഫർ (30), പൊന്നാൻ വീട്ടിൽ മെഹറൂഫ് (32), സീദി വീട്ടിൽ സാദിഖ് (30), മൊമ്പറാൻ വീട്ടിൽ ഫാഇസ് (23) എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam