
കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം. പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കിയത്. കളക്ടറേറ്റില്‍ ചേര്‍ന്ന റീജിയൺല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. കഴിഞ്ഞ ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പില്‍ അബ്ദുല്‍ ജവാദ് ആണ് മരിച്ചത്. പേരാമ്പ്ര കക്കാട് ടിവിഎസ് ഷോറൂമിന് മുന്‍വശത്ത് വെച്ച് വൈകീട്ട് നാലോടെയായിരുന്നു അപകടം. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മറ്റൊരു സംഭവത്തിൽ നടുവണ്ണൂരില്‍ സ്വകാര്യ ബസും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകില്‍ താമസിക്കുന്ന കരുണാലയത്തില്‍ നൊച്ചോട്ട് മുരളീധരന് ആണ് മരിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ്സ് നിര്‍വ്വാഹകസമിതി അംഗം ഷൈജ നൊച്ചോട്ടിന്റെ ഭര്‍ത്താവാണ് 57കാരനായ മുരളീധരന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ വൈകീട്ട് 3.30ഓടെ തെരുവത്ത് കടവിലായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന എസി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുരളീധരനെ ആദ്യം മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam