
കൽപ്പറ്റ: വയനാട് ചൂരൽമലയിലെ പ്രതിഷേധ സമരം നടത്തിയ ആറു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തബാധിതൻ ഉൾപ്പെടെയുള്ള നാട്ടുകാരെയാണ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു, വാഹനത്തിന് കേടുപാട് വരുത്തി എന്നിവ കുറ്റങ്ങൾ. ജാമ്യമില്ല വകുപ്പുപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. വെള്ളാർമല വില്ലേജ് ഓഫീസർ എ അജീഷിനെ കയ്യേറ്റം ചെയ്‌തുവെന്ന പരാതിയിലാണ് ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പൊലീസ് കേസെടുത്തത്.
കനത്ത മഴയെ തുടർന്ന് ജോലിയില്ലാതാകുന്ന ഉരുൾ ദുരന്തബാധിതരായ തൊഴിലാളികൾക്ക് ദിനബത്തയായി 300 രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വില്ലേജ് ഓഫീസർ ദുരന്തബാധിതരെ സംബന്ധിച്ച് തെറ്റായ റിപ്പോർട്ട് നൽകിയെന്നാരോപിച്ചുമായിരുന്നു കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളികളടക്കമുള്ള ചുരൽ മലക്കാർ വില്ലേജ് ഓഫീസർ, ദുരന്തനിവാരണ സ്പെഷ്യൽ ഓഫീസർ അശ്വിൻ പി കുമാർ അടക്കമുള്ളവരെ തടഞ്ഞുവെച്ചത്. പ്രതിഷേധത്തിനിടെ തനിക്ക് നേരെ കൈയ്യേറ്റമുണ്ടായി എന്നായിരുന്നു വില്ലേജ് ഓഫീസറുടെ പരാതി. ഇതിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇവരേയും നാട്ടുകാർ തടഞ്ഞിരുന്നു.