
കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യ ശുദ്ധീകരണ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികളെ പൊലീസ് ബലമായി മാറ്റി. തുടര്‍ന്ന് പ്ലാന്‍റ് നിർമ്മാണത്തിനായി പ്രദേശത്ത് കല്ലിറക്കി തുടങ്ങി. ജനങ്ങൾ നിങ്ങി പാർക്കുന്ന സ്ഥലത്ത് പ്ലാന്‍റ് സ്ഥാപിക്കാൻ അനുവദിക്കല്ലെന്ന് പ്രഖ്യാപിച്ചാണ് ഇന്ന് അതിരാവിലെ മുതൽ മുതിർന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രദേശത്ത് ഉപരോധം തീർത്തത്.
ഇതിനിടെ ഉദ്യോഗസ്ഥരും പണിക്കാരും സ്ഥലത്ത് എത്തിയതോടെ ഇവർ പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്ന് വനിതാ പൊലീസ് ഉൾപ്പെടെയെത്തി സ്ത്രികളെ ബലപ്രയോഗത്തിലൂടെ മാറ്റുകയായിരുന്നു. ഇതിനിടെ സ്ത്രീകളെയും കുട്ടികളെയും പൊലീസ് മർദ്ദിച്ചതായും ആരോപണമുയർന്നു. അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോതിയിൽ ശുചിമുറി മാലിന്യ ശുദ്ധീകരണ പ്ലാന്‍റ് നിര്‍മ്മാണത്തിന് കോഴിക്കോട് കോർപ്പറേഷന്‍റെ നേതൃത്വത്തില്‍ മുന്‍കൈയെടുത്തത്.
മുൻപ് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തികൾ നിർത്തിവെച്ചതായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയതിനെത്തുടർന്നാണ് കോഴിക്കോട് കോർപ്പറേഷൻ വ്യാഴാഴ്ച നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചത്. ഇന്നലെ കാര്യമായ പ്രതിഷേധം ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് പ്രദേശവാസികൾ സംഘടിച്ചെത്തി സ്ഥലത്ത് വന്‍ പ്രതിഷേധമുയര്‍ത്തുകയും തീയിടുകയും ചെയ്തു.
പ്രദേശവാസികളായ പുരുഷന്മാരായ പ്രതിഷേധക്കാരെ ആദ്യം സ്ഥലത്ത് നിന്നും മാറ്റിയ പൊലീസ്, പിന്നീടാണ് പ്രതിഷേധക്കാരായ സ്ത്രീകളെയും കുട്ടികളെയും ബലപ്രയോഗത്തിലൂടെ മാറ്റിയത്. പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്ന് മേയർ ബീനാ ഫിലീപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ജനവാസ കേന്ദ്രത്തിൽ നിന്നും പ്ലാന്‍റ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്ന് സ്ഥലത്തെത്തിയ എം.കെ. രാഘവൻ എം.പി. ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ എതിർപ്പ് വകവെക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിരെ നാളെ പ്രദേശത്ത് ഹർത്താൽ ആചരിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam