
ന്യൂഡൽഹി: കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് ബിജെപി എംപിമാർ പാർലമെന്റിൽ നൽകിയ സ്വീകരണത്തെ വിമർശിച്ച് പ്രതിപക്ഷം. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ഗൗരവ് ഗൊഗോയ് തുടങ്ങിയവരാണ് ധർമേന്ദ്ര പ്രധാന് ബിജെപി എംപിമാർ നൽകിയ സ്വീകരണത്തെ അതിരൂക്ഷമായി വിമർശിച്ചത്.
പാകിസ്ഥാനെതിരേ യുദ്ധം ചെയ്ത് തിരിച്ചെത്തിയ പോലെയാണ് ബിജെപി എംപിമാർ ധർമേന്ദ്ര പ്രധാനെ പാർലമെന്റിലേക്ക് സ്വീകരിച്ചതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് പറഞ്ഞു. പൊതുപരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്ലിൽ ചർച്ച നടക്കുന്നതിനിടെയാണ് കോൺഗ്രസ് എംപിമാർ കഴിഞ്ഞദിവസത്തെ സ്വീകരണത്തെ വിമർശിച്ചത്.
രാജിവെച്ച മന്ത്രിയെ ഇത്തരത്തിൽ സ്വീകരിച്ചതിൽ നാണം തോന്നുന്നില്ലേ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ചോദ്യം. ഏത് സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതെന്ന് എല്ലാവരും കണ്ടതാണ്. പക്ഷേ, കഴിഞ്ഞദിവസം ഒരു സൂപ്പർസ്റ്റാറിനെപ്പോലെയാണ് ബിജെപി എംപിമാർ അദ്ദേഹത്തെ പാർലമെന്റിലേക്ക് സ്വാഗതം ചെയ്തതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും ബിജെപി സ്വീകരണത്തെ കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ചയുടെയും അഴിമതിയുടെയും പ്രതീകമായാണ് ധർമേന്ദ്ര പ്രധാനെ എല്ലായ്പ്പോഴും ഓർമിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ അധഃപതിച്ച സംവിധാനമാണ് 26 കുട്ടികളുെട ജീവനെടുത്തത്. ഇതേ സംവിധാനമാണ് ലക്ഷക്കണക്കിന് യുവാക്കളെ തെരുവിലിറക്കിയത്. പക്ഷേ, ഇന്ന് അതേ വ്യക്തിയെ ബിജെപി മാലയിട്ട് സ്വീകരിക്കുന്നു. ഇത് ആദരമല്ല. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി തകർത്തതിന്റെ ആഘോഷമാണെന്നും രാജ്യത്തെ ഓരോ വിദ്യാർഥിയും ഇതെല്ലാം കാണുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സിജെപി പ്രതിഷേധത്തിനൊടുവിലാണ് ധർമേന്ദ്ര പ്രധാന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്. തുടർന്ന് കഴിഞ്ഞദിവസം പാർലമെന്റിലെത്തിയ അദ്ദേഹത്തെ ബിജെപി എംപിമാർ പ്രത്യേക തൊപ്പിയും ഷാളും അണിയിച്ചാണ് സ്വീകരിച്ചത്. ധർമേന്ദ്ര പ്രധാൻ സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam