
കണ്ണൂര്‍: കണ്ണൂരിൽ പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് 10 വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ വീട്ടിലാണ് പെരുമ്പാമ്പ് കയറിയത്. പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്. 10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് വനപാലകരെത്തിയാണ് പാമ്പിനെ പിടികൂടി.
അങ്കണവാടിയിൽ കുട്ടിക്ക് പാമ്പ് കടിയേറ്റെന്ന് സംശയം
അതേസമയം, എറണാകുളം തൃക്കാക്കര നഗരസഭയിലെ ചാത്തൻവേലിയിൽ അങ്കണവാടിയിൽ പാമ്പ് കടിയേറ്റെന്ന് സംശയത്തെ തുടര്‍ന്ന് ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വാഷ്ബേസിനിൽ നിന്ന് കൈകഴുകി പുറത്തേക്ക് വന്ന നാല് വയസുകാരി പാമ്പിനെ കണ്ട് പേടിച്ചത്. തെരച്ചിലിനൊടുവിൽ വാഷ്ബേസിന്‍റെ സമീപത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ശരീരത്തിൽ വിഷാംശം കലർന്നിട്ടില്ല എന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അങ്കണവാടിക്ക് അവധി നൽകിയതിന് ശേഷം പരിസരപ്രദേശങ്ങൾ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കുകയാണ്.