'എയിംസ് കാസർകോട് തന്നെ വേണം'; മുഖ്യമന്ത്രി കോഴിക്കോടിനായി വാശി പിടിക്കുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Published : Sep 26, 2025, 11:36 AM IST
Rajmohan Unnithan AIIMS

Synopsis

കേരളത്തിലെ എയിംസ് എവിടെ വരണം എന്നതിനെ ചൊല്ലി തർക്കം. കാസർകോടിനായി രാജ്മോഹൻ ഉണ്ണിത്താനും ആലപ്പുഴയ്ക്കായി സുരേഷ് ഗോപിയും വാദിക്കുന്നു. എയിംസ് വിഷയത്തിൽ കേന്ദ്രം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്ന് സിപിഎം.

കാസർകോട്: എയിംസ് കാസർകോട് തന്നെ വേണമെന്നാണ് ആവശ്യമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ എല്ലാ യോഗത്തിലും പിണറായി വിജയനുമായി യുദ്ധം നടന്നിട്ടുണ്ട്. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണെന്ന് പറഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ സുരേഷ് ഗോപിക്കെതിരെയും രംഗത്തത്തി. അടുത്ത കാലത്ത് ബിജെപി രാഷ്ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ല. ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിർക്കുന്നു. കാസർകോട് തന്നെ എയിംസ് വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയെ തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം

അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. എയിംസ് കേരളത്തിൽ എവിടെയും സ്ഥാപിക്കാമെന്നാണ് ബിജെപി നിലപാടെന്ന് അഡ്വ. പി കെ ബിനോയ്‌ വ്യക്തമാക്കി. എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ്‌ പറഞ്ഞു.

കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ താൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കലുങ്ക് സംവാദത്തിൽ നിരവധി തവണ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് ആലപ്പുഴ ജില്ലയിൽ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി വിവിധ സ്ഥലങ്ങളിൽ പറഞ്ഞത്.

സുരേഷ് ഗോപിയെ തള്ളി സിപിഎം

എയിംസ് വിവാദത്തിൽ സുരേഷ് ​ഗോപിക്കെതിരെ സിപിഎം രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. സുരേഷ് ഗോപി പറയുന്നതിൽ കഴമ്പില്ലെന്നും എയിംസുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ‌ നാസർ വ്യക്തമാക്കി. കേരളത്തിൽ എവിടെ എയിംസ് വന്നാലും സ്വാഗതാർഹമാണ്. എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. പക്ഷേ 10 വർഷമായി കേന്ദ്രം തയ്യാറായിട്ടില്ല. എവിടെ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണ്. പക്ഷേ കേന്ദ്രം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെന്നും ആർ നാസർ തുറന്നടിച്ചു.

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ