
തൃശൂര്‍: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് റാഫേൽ തട്ടിൽ എത്തുന്നതിന് പിന്നാലെ അതീവ സന്തോഷത്തിലാണ് തൃശൂരിലെ കുടുംബാംഗങ്ങൾ. 9 സഹോദരങ്ങളടങ്ങുന്ന കുടുംബത്തിലെ പത്താമനായാണ് 1956 ഏപ്രില്‍ 21ന് റാഫേൽ തട്ടിൽ ജനിച്ചത്. എല്ലാവര്‍ക്കും ഉണ്ണിയായാണ് റാഫേല്‍ വളര്‍ന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ജോണ്‍ തട്ടില്‍ ഓര്‍മക്കുറിപ്പില്‍ പറയുന്നു. 'റാഫേല്‍ ജനിച്ച് അധികം വൈകാതെ മക്കളെയെല്ലാം അമ്മ ത്രേസ്യയെ ഏല്‍പ്പിച്ച് പിതാവ് മരിച്ചു. അപ്പന്റെ വേര്‍പാടിന് ശേഷം കടുത്ത സാമ്പത്തിക ഞെരുക്കത്തിലും അമ്മ എല്ലാ മക്കളെയും വിദ്യാഭ്യാസം നല്‍കി വളര്‍ത്തി. സ്വഭാവ രൂപീകരണത്തിലും ഈശ്വരഭക്തിയിലും വളര്‍ത്തുന്നതിലും അമ്മ ജാഗ്രത പുലര്‍ത്തി. അമ്മയുടെ പ്രാര്‍ഥനാജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ് ഞങ്ങളുടെ സഹോദരന്‍' എന്നാണ് ജേഷ്ഠന്‍ ജോണ്‍ തട്ടില്‍ പറയുന്നത്.
1971ല്‍ റാഫേല്‍ സെമിനാരിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, രണ്ടുവര്‍ഷം കൂടി കഴിഞ്ഞ് നല്ലവണ്ണം ആലോചിച്ച് പോരെ എന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. പക്ഷെ കുട്ടിയായിരുന്ന റാഫേലിന്റെ മനസ് തന്റെ മുന്നോട്ടുള്ള ജീവിതപാത ഇതാണെ് തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്നും സഹോദരന്‍ പറയുന്നു. എടുത്തുചാട്ടമാണോ എന്ന അമ്മയുടെ ആശങ്കയ്ക്ക് തടയണ പണിതത് ഞങ്ങളുടെ മൂത്ത സഹോദരന്‍ പരേതനായ ലാസര്‍ ആയിരുന്നെന്നും ജോണ്‍ തട്ടില്‍ പറയുന്നു. മിടുക്കനായി പഠിക്കാനും അനുസരണയോടെ വളരാനുമായിരുന്നു യാത്ര ചോദിച്ചിറങ്ങുന്ന മകന് അമ്മ നല്‍കിയ ഉപദേശം. സെമിനാരി ജീവിതം മുതല്‍ ഇന്നുവരെ അമ്മയുടെ ഉപദേശം ശിരസാവഹിക്കുന്ന സഹോദരനായിട്ടാണ് ഞങ്ങള്‍ക്കിപ്പോള്‍ പിതാവിനെ കാണാനാവുന്നത് എന്നത് അമ്മയുടെ വളര്‍ത്തുഗുണമായി തന്നെയാണ് കുടുംബാംഗങ്ങൾ കാണുന്നത്.
ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണ കാട്ടുന്ന നല്ല വൈദികനാകണം എന്നാണ് വൈദിക പഠനം കഴിഞ്ഞപ്പോള്‍ അമ്മ നല്‍കിയ ഉപദേശം. ഈ ഉപദേശം ശിരസാ വഹിക്കുന്നതായിരുന്നു റാഫേല്‍ തട്ടിലിന്റെ പിന്നീടുള്ള ജീവിതയാത്ര. 68ാം വയസില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അമ്മയുടെ സ്വപ്നം കൂടിയാണ് പൂവണിയുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തിലാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam