ഇതും കേരളത്തിൽ ആദ്യം! 900 ഗ്രാം തൂക്കം, കഴിക്കുന്നതെല്ലാം ഛർദിക്കും, വേണ്ടി വന്നത് 6 മണിക്കൂറെടുത്ത അതിസങ്കീ‍ർണ ശസ്ത്രക്രിയ; ഷിറ്റ്സുവിന് പുതുജീവൻ

Published : Feb 15, 2026, 12:17 AM IST
shih tzu

Synopsis

2 മാസം പ്രായമുള്ള ഷിറ്റ്സു നായ്ക്കുട്ടിക്ക് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. പെർസിസ്റ്റന്‍റ് റൈറ്റ് അയോർട്ടിക് ആർച്ച് എന്ന അപൂർവ വൈകല്യത്തിന് വിധേയമായ 900 ഗ്രാം മാത്രം തൂക്കമുള്ള നായ്ക്കുട്ടിയിലെ ശസ്ത്രക്രിയ കേരളത്തിൽ ആദ്യത്തേതാണ്. 

തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട നായ്ക്കുട്ടിക്ക് തലസ്ഥാനത്ത് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. ഹൃദയവും ശ്വാസകോശവുമായി ബന്ധപ്പെട്ട് വൈകല്യത്തോടെ ജനിച്ച തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയുടെ രണ്ട് മാസം മാത്രം പ്രായമുള്ള ഷിറ്റ്സു ഇനത്തിൽപ്പെട്ട നായ്ക്കാണ് കുടപ്പനക്കുന്ന് മൾട്ടിസ്പെഷ്യലിറ്റി വെറ്ററിനറി ആശുപത്രിയിലെ ഒരുകൂട്ടം ഡോക്‌ടർമാർ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് വഴിതുറന്നത്. വെറും 900 ഗ്രാം മാത്രം തൂക്കമുള്ള നായക്കുട്ടിയിൽ നടത്തിയ അതിസാഹസികമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാകുന്നത് കേരളത്തിൽ ആദ്യമാണ്.

തലമുടി പോലെ വളരുന്ന മനോഹരമായ രോമങ്ങളോടെയുള്ള ഷിറ്റ്സു ഇനത്തിൽപെട്ട ഈ നായയ്ക്ക് പൂർണവളർച്ച എത്തിയാൽ പോലും നാല് മുതൽ ഏഴ് കിലോ വരെ മാത്രമേ ഭാരമുണ്ടാകാറുള്ളൂ. കാണാനുള്ള ഇഷ്ടംതോന്നി വാങ്ങിയ ഉടമ എന്ത് കൊടുത്തിട്ടും കഴിക്കാതെ നായ ഛർദ്ദിക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചത്. എന്നാൽ, രോഗനിർണയം കഠിനമായിരുന്നതിനാൽ കുടപ്പനക്കുന്നിൽ പ്രവർത്തിക്കുന്ന സർക്കാർ മൾട്ടിസ്പെഷ്യലിറ്റി വെറ്ററിനറി ആശുപത്രിയിലേക്ക് അവർ റഫർ ചെയ്യുകയായിരുന്നു.

ഇവിടെ എത്തിച്ച് നടത്തിയ പരിശോധനയിൽ പെർസിസ്റ്റന്‍റ് റൈറ്റ് അയോർട്ടിക് ആർച്ച് എന്ന അപൂർവ ജനന വൈകല്യമാണെന്ന് തിരിച്ചറിഞ്ഞ ഡോക്‌ടർമാർ ഉടൻ ശസ്ത്രക്രിയക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയായിരുന്നു. മെഡിസിൻ വിഭാഗത്തിൽ ഡോ. ടി.എൻ.ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ അന്ത്യന്തം വെല്ലുവിളികൾ നിറഞ്ഞ ശസ്ത്രക്രിയ അല്ലാതെ നായക്കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ മറ്റു മാ‍ർഗങ്ങളില്ലെന്ന് മനസിലാക്കിയതോടെയാണ് പുറത്ത് നിന്നടക്കം ഉപകരണങ്ങൾ എത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. ഇതേ അവസ്ഥയിലെ ഒരു ശസ്ത്രക്രിയ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ഒരു ലക്ഷം രൂപ വരെ ചെലവാകുമെന്നിരിക്കെ ഇവിടെ 5000 രൂപയിൽ താഴെ മാത്രമാണ് നായകുട്ടിയുടെ ഉടമയ്ക്ക് ചെലവാക്കേണ്ടി വന്നത്.

കുടപ്പനക്കുന്ന് ആശുപത്രിയിൽ ചൊവ്വാഴ്ച നടന്ന ഈ സങ്കീർണമായ ശസ്ത്രക്രിയക്ക് ആറു മണിക്കൂറോളം സമയമാണ് വേണ്ടി വന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഒരു ദിവസം പ്രായമുള്ള ഒരു മനുഷ്യ കുഞ്ഞിന്‍റെ ശരാശരി തൂക്കത്തിന്‍റെ മൂന്നിലൊന്ന് തൂക്കം മാത്രം ഉള്ള ഈ നായകുട്ടിയിൽ അനസ്തേഷ്യയും ശസ്ത്രക്രിയയും അങ്ങേയറ്റം സങ്കീർണതകൾ നിറഞ്ഞതായിട്ട് പോലും കൃത്യമായ ആസൂത്രണത്തോടെയും ജാഗ്രതയോടും കൂടി ഡോ. അജിത്തിന്‍റെ നേതൃത്വത്തിൽ ഉള്ള ഒരു സംഘം ഡോക്ടർമാരാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഡോ അജിത്തിനൊപ്പം വെറ്ററിനറി ഡോക്ടർമാരായ നിതിൻ ശങ്കർ, യു.എസ് അഖിൽ, എൽ.ഗണേശ്, രജിൻ, സച്ചിൻ മനോജ്, ഐശ്വര്യ എന്നിവരും നവമി, ആൻ,അബീഷ, ഇമ്മാനുവേൽ എന്നീ ഇന്‍റേൻസും ദൗത്യത്തിന്‍റെ ഭാഗമായി.

വെറ്ററിനറി മേഖലയിൽ ഇത്തരം ശസ്ത്രക്രിയകൾ നടത്തുവാൻ വേണ്ട സാങ്കേതിക സംവിധാനങ്ങളായ കാർഡിയോവാസ്ക്യൂ‌ലർ സർജൻ, ഹാർട്ട് ലങ് മെഷീൻ, കാർഡിയോവാസ്ക്യൂലർ അനെസ്തേസിസ്‌റ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒന്നും ലഭ്യമല്ലാതിരിക്കെ, തൊറാസിക് അറ തുറന്നു നടത്തിയ ഈ ശസ്ത്രക്രിയ മേഖലയുടെ വൈദഗ്ധ്യം ആണ് വെളിവാക്കുന്നതെന്ന് ആശുപത്രി ഡയറക്ടർ ഡോ എൽ. സോഫിയ പറഞ്ഞു. ഈ ശസ്ത്രക്രിയയുടെ വിജയം രോഗനിർണയത്തിലും സാങ്കേതിക തികവിലും മൃഗസംരക്ഷണ വകുപ്പിനുള്ള വൈദഗ്‌ധ്യം വിളിച്ചോതുന്നതാണെന്ന് മെഡിസിൻ വിഭാഗം മേധാവി ഡോ ജയകൃഷ്ണൻ പ്രതികരിച്ചു. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് നായ വേഗത്തിൽ സുഖം പ്രാപിച്ചു വരുന്നതായി ഉടമ അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുപറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ പുറകിലേക്ക് ചാടിക്കയറി ആക്രമണം; ചാലക്കുടിയിൽ രണ്ട് പേ‍ർക്ക് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്
നടുറോഡിൽ വണ്ടി നിർത്തിയിറങ്ങി ഗണേഷ് കുമാർ; എത്ര രൂപ മുടക്കിയാണ് റോഡ് പണിഞ്ഞതെന്നറിയാമോ? തകരാർ വരുത്തിയവർക്ക് ശാസന