പത്തനംതിട്ടയിലെ തണ്ണിത്തോട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം. 'ബ്ലൂ ഹിൽ' എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ നടുറോഡിൽ തടഞ്ഞു.

പത്തനംതിട്ട: തണ്ണിത്തോട്ടിൽ ഇന്ന് പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ നടുറോഡിൽ തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ. 'ബ്ലൂ ഹിൽ' എന്ന സ്വകാര്യ ബസിലെ ജീവനക്കാരും ഉടമകളുമാണ് കെഎസ്ആർടിസി ബസ് തടഞ്ഞു പ്രതിഷേധിച്ചത്. പ്രിയദർശിനി സർവീസ് ആരംഭിച്ചതിലൂടെ വലിയ വരുമാന നഷ്ടം തങ്ങൾക്ക് ഉണ്ടാകുന്നുവെന്ന് ആരോപിച്ചായിരുന്നു സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം.

ഈ റൂട്ടിൽ 16 സ്വകാര്യ ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് കെഎസ്ആർടിസി യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നുവെന്നും ഇത് തങ്ങളുടെ വരുമാനം നഷ്ടപ്പെടുത്തുന്നു എന്നുമാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധ സൂചകമായി ബ്ലൂ ഹിൽ ബസുകൾ ഇന്ന് സർവീസ് നിർത്തിവെച്ചു.

തണ്ണിത്തോട് റൂട്ടിൽ കെഎസ്ആർടിസി - സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം പതിവാണ്. പ്രശ്നങ്ങൾ പരിഹരിക്കാത്തതാണ് തുടർ തർക്കങ്ങൾക്ക് കാരണമെന്നും ആക്ഷേപമുണ്ട്. പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ആവശ്യമാണനാണ് യാത്രക്കാരും പറയുന്നത്. പൊലീസ് ഇടപെട്ടാണ് ഇന്ന് തർക്കം പരിഹരിച്ചത്. തുടർന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് ആരംഭിച്ചു.