
തൃശൂർ: ഹോട്ടലിൽ ഉപഭോക്താക്കൾക്ക് കഴിക്കാനായി ഉണ്ടാക്കി വെച്ചിരുന്ന അൽ ഫഹം എലി തിന്നുന്നത് ഉപഭോക്താവാ തന്നെ ക്യാമറയിൽ പകർത്തി. പിന്നാലെ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചു പൂട്ടി. തൃശൂർ കുന്നംകുളം പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിച്ചുവരുന്ന അറബിക് റെസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്യുവാനെത്തിയ ഉപഭോക്താവാണ് ഇവിടെ തയ്യാറാക്കി വച്ചിരുന്ന അൽഫാം കഴിക്കുന്ന എലിയുടെ ചിത്രം പകർത്തി, നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിക്ക് വാട്ട്സ് ആപ്പ് വഴി സന്ദേശമയച്ചത്. മെസേജ് കിട്ടിയതിന് പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ സ്ഥലം സന്ദർശിച്ച് റസ്റ്റോറന്റിൽ പരിശോധന നടത്തി.
പരിശോധന സമയത്ത് റസ്റ്റോറന്റിലുണ്ടായിരുന്ന ഏതാണ്ടെല്ലാ ഭക്ഷണ സാധനങ്ങളിലും എലികളുടെ സാന്നിധ്യം നേരിൽ മനസ്സിലാക്കി. തുടർന്ന് ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും സ്ഥാപനം അടച്ച് പൂട്ടുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെയായിരുന്നു നടപടികൾ. വരും ദിവസങ്ങളിൽ നഗരത്തിലെ ഭക്ഷണ, പാനീയ വിതരണ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam