
കൊല്ലം: 'ആക്ഷൻ ഹീറോ ബിജു 'വിലെ നായകനായ പൊലീസ് ഓഫീസറെ പോലെ താരപരിവേഷം ലഭിച്ച സബ് ഇൻസ്പെക്ടറാണ് പത്തനാപുരം എസ്ഐ ഷാനവാസ്. യൂണിഫോമിലെ പകിട്ടും പൊതുമധ്യത്തിലെ നല്ല പെരുമാറ്റവും സോഷ്യൽ മീഡിയയിൽ ഷാനവാസിനെ വൈറലാക്കി, റീൽസ് താരമാക്കി മാറ്റി. എന്നാൽ റീൽസിലെ ഹീറോയിസം ഇപ്പോൾ 'അതിക്രമം' ആയി മാറിയെന്നാണ് ചിലരുടെ അഭിപ്രായം. അതിന് കാരണമുണ്ട്. പത്തനാപുരത്താണ് സംഭവം. ഉത്സവ പരിപാടിയ്ക്കിടെ നായയുമായി എത്തിയ ഗുണ്ടാ നേതാവ് പൊലീസ് വാഹനം തല്ലിത്തകർത്തതും പിന്നീട് ഒളിവിൽ പോയതും വലിയ വാർത്തയായി.
അത് പത്തനാപുരം പൊലീസിന് പേരുദോഷവുമായി. എന്നാൽ ദിവസങ്ങൾക്കകം തമിഴ്നാട്ടിൽ നിന്ന് പ്രതിയെ സാഹസമായി പത്തനാപുരം പൊലീസ് പിടികൂടി പേരുദോഷം മാറ്റി. അതും ഷാനവാസിന്‍റെ നേതൃത്വത്തിൽ തന്നെയായതോടെ എസ്ഐക്ക് കയ്യടി കൂടി. പക്ഷേ ഇപ്പോൾ ഷാനവാസിനെതിരെ വിമര്‍ശനങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. മർദ്ദനമേറ്റ് ഭയന്നോടിയ യുവാവിനെ സിനിമയെ വെല്ലുന്ന രീതിയിൽ പൊലീസ് ചേസ് ചെയ്ത് പിടികൂടുന്ന വീഡിയോയാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.
യുവാവിന്‍റെ കുടുംബം തന്നെ ആ വീഡിയോ പുറത്തുവിട്ടതോടെയാണ് വിമര്‍ശമനങ്ങളുടെ ആക്കം കൂടിയത്. പൊലീസിന്‍റെ തല്ല് സഹിക്കവയ്യാതെ പ്രതി ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചതാണെന്നാണ് വിമര്‍ശകരുടെ വാദം. വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നു. അതേസമയം, എസ് ഐ ഷാനവാസിനെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പത്തനാപുരത്തെ ചില നേതാക്കന്മാരുടെ വരുതിക്ക് നിൽക്കാത്ത ഷാനവാസിനോട് ചില നേതാക്കൾ കട്ടകലിപ്പിലാണെന്നും മോശക്കാരനാക്കി ചിത്രീകരിച്ചു കെട്ടുകെട്ടിക്കാനുള്ള ശ്രമങ്ങൾഅണിയറയിൽ നടക്കുന്നതായും ആക്ഷേപമുണ്ട്. ഒടുവിലത്തെ സംഭവവും അതിന്‍റെ ഭാഗമാണെന്നാണ് ചിലരുടെ പക്ഷം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam