
പത്തനംതിട്ട: കഴിഞ്ഞ കുറേ ദിവസങ്ങളായി വടശ്ശേരിക്കര കുമ്പളത്താമണ്ണ് നിവാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു. വളർത്തുമൃഗങ്ങളെ തുടർച്ചയായി വേട്ടയാടിയും ജനവാസ മേഖലയിൽ സാന്നിധ്യമറിയിച്ചും വിഹരിച്ചിരുന്ന കടുവ തിങ്കളാഴ്ച പുലർച്ചെയോടെയാണ് കെണിയിലായത്. ഇതോടെ പ്രദേശവാസികളുടെ വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.
കഴിഞ്ഞ ദിവസം രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നതോടെയാണ് വനംവകുപ്പ് നടപടികൾ ഊർജിതമാക്കിയത്. ആടിനെ പിടികൂടിയത് കടുവയാണെന്ന് വനംവകുപ്പ് ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നിരീക്ഷണം ശക്തമാക്കുകയും കൂട് സ്ഥാപിക്കുകയുമായിരുന്നു. രാത്രിയിൽ ആടിനെ പിടികൂടിയ അതേ പ്രദേശത്ത് തിരിച്ചെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പിന്റെ ഇടപെടൽ മന്ദഗതിയിലാണെന്ന് ആരോപിച്ച് നാട്ടുകാരും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമും തമ്മിൽ കഴിഞ്ഞ ദിവസം നേരിയ തോതിൽ വാക്കുതർക്കമുണ്ടായിരുന്നു. പ്രദേശത്ത് ആന, കടുവ, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നുമായിരുന്നു ജനങ്ങളുടെ ആക്ഷേപം. കടുവ ആടിനെ വലിച്ചിഴച്ചു കൊണ്ടുപോയ വഴിയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.
വടശ്ശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ വന്യജീവി ആക്രമണം അടുത്തകാലത്തായി അതിരൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമെ വളർത്തുമൃഗങ്ങളെയും വന്യജീവികൾ ലക്ഷ്യം വെക്കുന്നത് കർഷകരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. നിരവധി വളർത്തുമൃഗങ്ങളെയാണ് ഇതിനോടകം കടുവ കൊന്നൊടുക്കിയത്. പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന കുമ്പളത്താമണ്ണിലെ ജനങ്ങൾക്ക് കടുവയെ പിടികൂടിയ വാർത്ത വലിയ ആശ്വാസമാണ് നൽകുന്നത്. പിടികൂടിയ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് വരികയാണ്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇതിനെ സുരക്ഷിതമായ മറ്റ് വനമേഖലകളിലേക്ക് മാറ്റാനാണ് സാധ്യത. കടുവയെ പിടികൂടിയെങ്കിലും മറ്റ് വന്യജീവികളുടെ ശല്യം തടയാൻ ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam