പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
മലപ്പുറം: പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. പെരിന്തൽമണ്ണ നിയോജകമണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം പ്രവർത്തകരെ പൊലീസ് പിടികൂടിയതിനാലാണ് ഹർത്താൽ പിൻവലിച്ചതെന്ന് യുഡിഎഫ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് ഹർത്താൽ പിൻവലിച്ചതായി അറിയിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ച് പേരൊണ് കസ്റ്റഡിയിൽ എടുത്തത്. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് രാത്രി വൈകി റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. തുടർന്ന് ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗിന്‍റെ ആരോപണം.
രാത്രി 9.30ഓടെയായിരുന്നു അക്രമ സംഭവങ്ങൾ. യുഡിഎഫ് വിജയാഘോഷ പ്രകടനം ഇന്ന് നടന്നിരുന്നു. അതിനിടെ ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടർന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയായിരുന്നു.


