
തിരുവനന്തപുരം: വെങ്ങാനൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന റിട്ട. എഎസ്ഐ മരിച്ചു. വെണ്ണിയൂർ അമ്പാടിയിൽ പ്രഭാകരൻ നായർ(72) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വെങ്ങാനൂർ എസ്ബിഐ ബാങ്കിന് മുന്നിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച പ്രഭാകരൻ നായരുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബൈക്ക് യാത്രക്കാരനായ വാഴിച്ചൽ സ്വദേശി ശരത്തിനും(35) പരിക്കേറ്റു. ഇരുവരെയും തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
വെണ്ണിയൂരിൽ പലചരക്ക് കടയും കാർഷിക ഉപകരണ വില്പന കേന്ദ്രവും നടത്തുന്ന പ്രഭാകരൻ നായർ ബാങ്കിലേക്ക് പണമടയ്ക്കാൻ വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് പ്രഭാകരൻ നായരുടെ കൈവശമുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപയുടെ നോട്ടുകൾ റോഡിൽ ചിതറിവീണു. ഓടിക്കൂടിയ നാട്ടുകാരാണ് ഈ പണം ശേഖരിച്ച് പൊലീസിന് കൈമാറിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam