
കൊച്ചി: കൊച്ചിയിൽ പിടിയിലായ റിൻസി മുംതാസ് ഇടപാട് നടത്തിയവരുടെ ലിസ്റ്റ് പൊലീസിന് ലഭിച്ചു. സിനിമ മേഖലയിലെ പ്രമുഖർക്ക് വരെ റിൻസി ലഹരിയെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. എംഡിഎംഎ മാത്രമല്ല കൊക്കെയ്നും സിനിമാക്കാർക്കായി എത്തിച്ചെന്ന് അന്വേഷണസംഘം പറയുന്നു. പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽ പരിശോധന നടത്തുമ്പോൾ ഡാൻസാഫിന്‍റെ ലക്ഷ്യം റിൻസിയായിരുന്നില്ല.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരിയെത്തിക്കുന്നവരിൽ പ്രധാനിയായ യാസർ അറഫാത്തിനെ തെരഞ്ഞെത്തിയവർക്ക് കിട്ടിയ ബോണസായിരുന്നു റിൻസി മുംതാസ്. യാസറിനൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന റിൻസിയുടെ ഫോൺ പരിശോധിച്ച ഡാൻസാഫ് ഞെട്ടി. വാട്സ് ആപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകളാണ് ഉണ്ടായിരുന്നത്.
ഇടപാടുകാർ സിനിമാരംഗത്തെ പ്രമുഖരാണ്. പണം കൈമാറാൻ ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ ഉപയോഗിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം റിൻസി നടത്തിയെന്ന് ഇതുവരെ ശേഖരിച്ച രേഖകളിലുണ്ട്. എംഡിഎംഎ മാത്രമല്ല, വില കൂടിയ കൊക്കെയ്നും യാസർ വഴി റിൻസി കൊച്ചിയിലെത്തിച്ചു. രാസലഹരിയുടെ സിനിമാ കണക്ഷനും ഉപയോഗിക്കുന്നവരുടെ ലിസ്റ്റും റിൻസി പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.