'പേടിച്ച് പുറത്തിറങ്ങാന്‍ ഭയം, സ്‌കൂള്‍ വിട്ട് കുട്ടികള്‍ എത്തും വരെ ചങ്കില്‍ തീയാണ് സാറെ'; ഈ നാടിന്‍റെ വേദന അധികൃതര്‍ കാണുന്നുണ്ടോ...

Published : Jul 13, 2025, 02:23 AM IST
aanappara

Synopsis

ആനപ്പാറയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിലായി. കൃഷിനാശം വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയിലാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു.

കല്‍പ്പറ്റ: ആനകളെ പേടിച്ച് വൈകീട്ട് ആറുമണിക്ക് പോലും പുറത്തിറങ്ങാന്‍ ഭയമാണ്. രാവിലെ നേരത്തെ പോകാന്‍ കഴിയാത്തതിനാല്‍ ജോലി നഷ്ടപ്പെടുന്നു. സ്‌കൂള്‍ വിട്ട് കുട്ടികള്‍ വീടെത്തുന്നത് വരെ ചങ്കില്‍ തീയ്യാണ് സാറെ. രൂക്ഷമായ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടുന്ന ചുണ്ടേല്‍ ആനപ്പാറയിലെ ജനങ്ങളുടെ ആവലാതികളാണ് മുകളില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് വ്യാപകമായ കൃഷിനാശമുണ്ടായതോടെയാണ് ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുന്നത്.

രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് ആനപ്പാറയിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ എത്തുന്നതെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. കാര്‍ഷികവിളകള്‍ ചവിട്ടിയരച്ചും തിന്നും ദിവസങ്ങളായി ആനകള്‍ വിഹരിക്കുകയാണ് ഇവിടെ. ഇക്കഴിഞ്ഞദിവസം രാത്രിയില്‍ നിരവധി പേരുടെ കൃഷിയിടങ്ങളില്‍ എത്തിയ കാട്ടാനകള്‍ സമാനതകളില്ലാത്ത നാശമാണ് വിതച്ചത്. കമുകുകളും തെങ്ങുകളും ഉള്‍പ്പെടെ നശിപ്പിച്ചു. ഒപ്പം ജലവിതരണത്തിനായി ഇവിടെ സ്ഥാപിച്ച പൈപ്പുകളും മറ്റും നശിപ്പിച്ചിട്ടുമുണ്ട്.

രാത്രിയില്‍ നേരത്തെ എത്തുന്ന കാട്ടാനകള്‍ നേരം നന്നേ വെളുക്കുമ്പോള്‍ മാത്രമാണ് കാടുകയറാറുള്ളത്. ഇത് കാരണം മദ്രസയിലേക്ക് കുട്ടികളെ അയക്കാന്‍ പ്രയാസപ്പെടുകയാണ്. ധാരാളം കുട്ടികള്‍ കാല്‍നടയായും സൈക്കിളുകളിലും സ്‌കൂളുകളിലേക്കും മദ്രസയിലേക്കും പോകുന്ന പ്രദേശമാണ് ആനപ്പാറ. എന്നാല്‍ ദിവസങ്ങളായി ആനശല്യം കാരണം പലരും കുട്ടികളെ ഒറ്റക്ക് വിടുന്നില്ല.

രാത്രിയില്‍ ആനകളെത്തിയ വിവരം അറിഞ്ഞാല്‍ വനംവകുപ്പ് എത്തുമെങ്കിലും നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ ഏറെനേരത്തെ ശ്രമഫലമായി കാടിനുള്ളിലേക്ക് കയറ്റി വിടുന്നത്. ഇതേ ആനകള്‍ ഇരുട്ട് വീണാല്‍ വീണ്ടും അതേ പ്രദേശത്ത് ഇറങ്ങും. നിലവില്‍ ആനപ്പാറ ഗ്രാമത്തില്‍ പല മേഖലകളിലായി കാട്ടാനകള്‍ സ്ഥിരം സാന്നിധ്യമായിട്ടുണ്ട്.

വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്താതിരിക്കാന്‍ വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ ഇപ്പോഴുമില്ലാത്തയിടമാണ് ആനപ്പാറ. സംവിധാനങ്ങള്‍ ഇല്ലാത്തതോ തകര്‍ന്നുപോയതോ ആയതിനാല്‍ വന്യമൃഗങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ കഴിയുന്ന നാടായി ആനപ്പാറ മാറിയിരിക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വരുംനാളുകളില്‍ ഗ്രാമവാസികള്‍ പ്രത്യക്ഷസമരത്തിനിറങ്ങേണ്ടി വരുമെന്നതാണ് നിലവിലെ സാഹചര്യം.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം