
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിന് പിന്നാലെ നിരവധി പേർ തന്നെ വിളിച്ചെന്ന് നടി റിനി ആൻ ജോർജ്. വെളിപ്പെടുത്തലിന് ശേഷം പലരും തന്നെ ബന്ധപ്പെട്ടു. കരഞ്ഞു, അവരുടെ വേദന പങ്കുവെച്ചു. പരാതി കൊടുക്കാൻ ഇവർക്ക് ഭയമാണ്. പരാതി നൽകിയാൽ കൊല്ലാൻ പോലും ശ്രമിക്കുമോ എന്ന് ഇവർ ഭയപ്പെടുന്നുവെന്നും റിനി പറഞ്ഞു. ഈ വ്യക്തി നിരവധിപേരെ നിരന്തരമായി ട്രാപ്പിലാക്കുന്നുവെന്ന് മനസ്സിലാക്കിയാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ആരെയും തകർക്കാനും നശിപ്പിക്കാനുമല്ല ശ്രമിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും അക്കാര്യം മാത്രമാണ് താൻ മുന്നോട്ട് വെച്ചതെന്നും റിനി പറഞ്ഞു.
പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്. സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിട്ടു. സിപിഎമ്മുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് വരെ ആരോപണമുണ്ടായി. ഇപ്പോഴും ഭയമാണ്. അപ്പോൾ തീവ്രമായ പ്രശ്നങ്ങൾ നേരിട്ട സ്ത്രീകളുടെ അവസ്ഥ എതായിരിക്കും. കൊല്ലാൻ പോലും ശ്രമിക്കുമോ എന്ന ഭയമാണ് പലർക്കുമെന്നും സ്ഥാന, പലരും ബന്ധപ്പെട്ടു, കരഞ്ഞു, വേദന പങ്കുവെച്ചു. സ്ഥാനമാനങ്ങളിലിരിക്കുന്നവർ തന്നെ പദവിയും അധികാരവും ദുരുപയോഗം ചെയ്യുമ്പോൾ സ്ത്രീകൾ എങ്ങനെ പരാതി കൊടുക്കാൻ മുന്നോട്ട് വരുമെന്നും റിനി ചോദിച്ചു.
അതേസമയം, നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി നേതാവ് കെ ജെ ഷൈൻ. സ്ത്രീകളെ സ്മാർത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈൻ വിമർശിച്ചു. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് പറവൂരിൽ ഇന്നലെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലാണ് ഷൈൻ റിനിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജയും പറഞ്ഞു.