ചങ്ങരംകുളത്ത് കള്ളന്‍മാര്‍ വിലസുന്നു; വീട് കുത്തിത്തുറന്നു, ഭണ്ഡാരപ്പെട്ടി തകര്‍ത്തു, പതിവായി മോഷണം

By Web TeamFirst Published Aug 22, 2022, 3:48 PM IST
Highlights

ചങ്ങരംകുളം മേഖലയില്‍ അടുത്തിടെയായി മോഷണങ്ങള്‍ പതിവാകുന്നുണ്ട്. വളയംകുളത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പൂട്ട് തകര്‍ത്ത് കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു.

മലപ്പുറം: മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് മോഷണങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം പൂട്ടിയിട്ട വീട് കുത്തിത്തുറന്നും ക്ഷേത്ര ഭണ്ഡാരം തകര്‍ത്തും മോഷണം നടന്നു. ആലങ്കോട് ശ്രീഭവന്‍ നിലയത്തില്‍ ഉദയകുമാറിന്റെ വീട്ടിലും ഒതളൂരിലെ മണലിയാര്‍കാവ് ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.  ഉദയകുമാറും കുടുംബവും വിദേശത്താണ്. ഏറെ നാളായി വീട് പൂട്ടിയിട്ടിയിരിക്കുകയായിരുന്നു.  ഞായറാഴ്ച പുലര്‍ച്ചെ ഉദയകുമാറിന്റെ സഹോദരന്‍ വീടും പരിസരവും നിരീക്ഷിക്കാനായി എത്തിയപ്പോഴാണ്   വാതില്‍ തുറന്നുകിടക്കുന്ന നിലയില്‍ കണ്ടത്.

പരിശോധനയില്‍ മോഷണം നടന്നതായി മനസ്സിലായി. ഇതോടെ ഉദയകുമാറിന്റെ സഹോദരന്‍ ചങ്ങരംകുളം പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ ഉദയകുമാറിന് ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ ലഭിച്ച വെള്ളിയില്‍ നിര്‍മിച്ച അന്‍പതിനായിരത്തോളം രൂപ വിലവരുന്ന ഫലകം നഷ്ടപ്പെട്ടതായി കണ്ടെത്തി. പണവും സ്വര്‍ണവുമൊന്നും വീട്ടില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ നഷ്ടപ്പെട്ടില്ല.

അതേ ദിവസം തന്നെ ഒതളൂരിലെ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നും മോഷ്ടാക്കള്‍ പണം കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ക്ഷേത്രവളപ്പിന് പുറത്തുള്ള ഭണ്ഡാരപ്പെട്ടി തകര്‍ത്താണ് കള്ളന്മാര്‍ പണം തട്ടിയത്. ചങ്ങരംകുളം മേഖലയില്‍ അടുത്തിടെയായി മോഷണങ്ങള്‍ പതിവാകുന്നുണ്ട്. വളയംകുളത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പൂട്ട് തകര്‍ത്ത് കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ഷട്ടറിന്‍റെ പൂട്ട്  പൊളിച്ച് അകത്ത് കയറി ക്യാഷ് കൗണ്ടറും തകര്‍ത്താണ് മോഷ്ടാക്കള്‍ മൂവായിരം രൂപയും പലചരക്ക് സാധനങ്ങളും കവര്‍ന്നത്.

Read More : മദ്യലഹരിയില്‍ യുവാവിന്‍റെ സ്വകാര്യഭാഗത്ത് സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി, പുറത്തെടുത്തത് 10 ദിവസം കഴിഞ്ഞ്

ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ തന്നെ മൊബെല്‍ ഷോപ്പിലും ഷട്ടര്‍ പൊളിച്ച് മോഷണം നടന്നിരുന്നു. മൊബൈലുകളും മറ്റും മോഷണം പോയി. എന്നാല്‍ ഒരു കേസിലും മോഷ്ടാക്കളെ ഇതുവരെ പിടികുടാനായിട്ടില്ല. പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മോഷണം പതിവായതോടെ നാട്ടുകാരും പരിഭ്രാന്തിയിലാണ്. പ്രദേശത്ത് രാത്രികാലങ്ങളില്‍ പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

click me!