
പാലക്കാട്: വടക്കഞ്ചേരി ചുവട്ടുപാടത്ത് മുഖം മൂടി ധരിച്ചെത്തിയ സംഘം ഗൃഹനാഥനെ കെട്ടിയിട്ട് 25 പവനോളം സ്വര്‍ണവും പണവും കവര്‍ന്നു. ചുവട്ടുപാടം സ്വദേശി സാം പി ജോണിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.വടക്കഞ്ചേരി പൊലീസും ഫോറന്‍സിക് വിദഗ്ദരും അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘം സാമിന്‍റെ വീടിനകത്ത് കയറി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ ഉടുമുണ്ട് കൊണ്ട് സാമിന്റെ കൈകള്‍ കൂട്ടിക്കെട്ടുകയും വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു.
25 പവൻ സ്വര്‍ണവും ഒരു വജ്രാഭരണവും പണവും നഷ്ടപ്പെട്ടു. ആക്രമണത്തില്‍ സാം പി ജോണിന്‍റെ മൂന്ന് പല്ലുകള്‍ അടര്‍ന്നുവീണു. കവര്‍ച്ചാസംഘം മടങ്ങിയ ശേഷം അയല്‍വാസികളെ സാം തന്നെ വിളിച്ച് വരുത്തുകയായിരുന്നു. വടക്കഞ്ചേരി പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധനകള്‍ നടത്തി. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളുടെ പക്കല്‍ കെഎല്‍ 11 രജിസ്‌ട്രേഷനിലുളള ഒരു കാറും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രദേശത്ത് സമാനമയ കവർച്ച നട ത്തിയവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വടക്കഞ്ചേരിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും സാമും ഭാര്യ ജോളിയും ചികിത്സ തേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam