
പനമരം സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിവന്നിരുന്ന യുവാവ് നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് പോലീസിന്റെ പിടിയിലായത്. കൂത്താളി സ്വദേശി മുജീബിനെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നിരീക്ഷിച്ച ശേഷം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളിൽ പന്ത്രണ്ടോളം ഇടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. പനമരം സ്റ്റേഷൻ പരിധിയിലെ ആറാംമൈൽ, കൂളിവയൽ, കൈതക്കൽ എന്നിവിടങ്ങളിൽ മാസങ്ങളായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഏതാനും ദിവസം മുമ്പ് കൂളിവയൽ ഹെൽത്ത് സെന്ററിന് സമീപത്തെ സ്റ്റേഷനറി കടയുടെയും തൊട്ടടുത്ത ഹോട്ടലിന്റെയും പൂട്ട് തകർത്ത് മേശയിലുണ്ടായിരുന്ന പതിനായിരത്തോളം രൂപ മോഷ്ടിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച കൂളിവയൽ ഏഴാം മൈലിലെ നിസ്‌കാരപ്പള്ളിയിൽനിന്ന് ലാപ്ടോപ്പും മോഷണം പോയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കൂളിവയലിലെ ഒരു വീടിന്റെ പുറകുവശത്തെ പൂട്ട് പൊളിച്ച് കിടപ്പുമുറിയിൽ കടന്ന ഇയാൾ മേശയിൽനിന്ന് പതിനായിരം രൂപ അപഹരിച്ചു. കൈതക്കലിൽ മൂന്ന് വീടുകളിലും അവിടുത്തെ മുസ്‌ലിം പള്ളിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam