
തിരുവനന്തപുരം:പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ അടിച്ച് ഫിറ്റായ പൊലീസുകാരൻ എസ്പിയെ കണ്ട് ഓടെടാ ഓട്ടം. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മദ്യത്തിന്‍റെ തരിപ്പിൽ പ്രോട്ടോക്കോൾ പോലും മറന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിന്നാലെ ഡ്യൂട്ടിക്ക് ഹാജരാകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മദ്യപിക്കുകയും ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും എത്തി. അരുവിക്കര സ്റ്റേഷനിൽ റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് അച്ചടക്ക നടപടി. സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി. അരുവിക്കര സ്റ്റേഷനിൽ ഞായറാഴ്ച നടന്ന ഓണാഘോഷത്തിലാണ് പൊലീസുകാർ മദ്യലഹരിയിൽ പങ്കെടുത്തത്. ഇതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനത്തിനെത്തി.
മേലുദ്യോഗസ്ഥനെ കണ്ടതിന്‍റെ പരിഭ്രാന്തിയിൽ പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമൻ സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാൽ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല. മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് സസ്പെൻഷൻ.സംഭവത്തിൽ വകുപ്പ് തല അന്വേഷണവുമുണ്ടാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam