'ആജ്ഞ അനുസരിച്ച് നിൽക്കില്ല'; സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ കാൻസർ അതിജീവിത ജോലി രാജിവെച്ചു

Published : Apr 11, 2026, 08:59 PM IST
CPM

Synopsis

സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അധിക്ഷേപത്തെയും ഭീഷണിയെയും തുടർന്ന് കുന്നംകുളം നഗരസഭയിലെ എസ്.സി പ്രമോട്ടർ സ്വാതി സോമൻ ജോലി രാജിവെച്ചു. പാർട്ടി യോഗത്തിൽ പങ്കെടുക്കാത്തതിനെ ചൊല്ലി ഫോണിലൂടെ അധിക്ഷേപിച്ചെന്നും, പാർട്ടി നൽകിയ ജോലി രാജിവെക്കാൻ ആവശ്യപ്പെട്ടെന്നും കാൻസർ അതിജീവിത കൂടിയായ സ്വാതി ആരോപിച്ചു

കുന്നംകുളം: പാർട്ടി യോഗത്തിന് എത്താത്തതിന്റെ പേരിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫോണിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് കുന്നംകുളം നഗരസഭയിലെ എസ്.സി പ്രമോട്ടർ സ്വാതി സോമൻ ജോലി രാജിവെച്ചു. കാൻസർ രോഗത്തെ പൊരുതിത്തോൽപ്പിച്ച, ശാരീരികമായ ഏറെ അവശതകൾ അനുഭവിക്കുന്ന തന്നോട് കുന്നംകുളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കാണിച്ച ക്രൂരമായ സമീപനമാണ് രാജിവെക്കാൻ പ്രേരിപ്പിച്ചതെന്ന് സ്വാതി വ്യക്തമാക്കി. "ഒരു പാർട്ടിക്കാരി എന്നതിലുപരി ഞാൻ ഒരു മനുഷ്യനാണ്. പട്ടിണി കിടന്നും ആട്ടും തുപ്പും സഹിച്ചും വേദനകൾ അനുഭവിച്ചുമാണ് ഞാൻ ഇന്ന് ഈ നിലയിലെത്തിയത്. ആരുടെയും ആജ്ഞയ്ക്ക് അനുസരിച്ച് നിൽക്കാൻ എനിക്ക് കഴിയില്ല." - സ്വാതി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുടുംബപരമായ പ്രയാസങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും കാരണം പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് താൽക്കാലികമായി തന്നെ ഒഴിവാക്കിത്തരണമെന്ന് സ്വാതി നേരത്തെ നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ച് 9-ന് കുന്നംകുളം ഈസ്റ്റ് എൽ.സി സെക്രട്ടറി സ്വാതിയെ ഫോണിൽ വിളിച്ച് കമ്മിറ്റിക്ക് വരാത്തതിനെ ചൊല്ലി രൂക്ഷമായി സംസാരിച്ചു. "നീ ചീഞ്ഞ മുട്ടയുടെ സ്വഭാവം എന്റെ അടുത്ത് കാണിക്കരുത്" എന്നായിരുന്നു സെക്രട്ടറിയുടെ ആദ്യ അധിക്ഷേപം. "നിനക്ക് അസുഖമോ അച്ഛന്റെ വയ്യായ്കയോ ഒന്നുമല്ല പ്രശ്നം, അത് വേറെ എന്തോ ആണ്" എന്ന് ആക്ഷേപിച്ച അദ്ദേഹം, സ്വാതിക്ക് ജോലി നൽകിയത് പാർട്ടിയാണെന്നും അതിനാൽ രാജി വെച്ചുപോകണമെന്നും ആവശ്യപ്പെട്ടു. "നിന്റെ കാലുപിടിച്ചു നിൽക്കേണ്ട കാര്യം പാർട്ടിക്കില്ല, ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആളുകളെ അവിടെ നിയമിച്ചോളാം" എന്ന സെക്രട്ടറിയുടെ ധിക്കാരപരമായ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സ്വാതി കുറിപ്പിൽ പറയുന്നു.

ഇതാദ്യമായല്ല തന്നെ അപമാനിക്കുന്നതെന്നും സ്വാതി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി. നേരത്തെ ഒരു യോഗത്തിൽ വെച്ച് "രണ്ടു വർഷം ജോലി ചെയ്തിട്ടും പാർട്ടിയിലേക്ക് ആളുകളെ എത്തിക്കാൻ കഴിയാത്തത് നിന്റെ കഴിവുകേടാണ്" എന്ന് പരസ്യമായി അധിക്ഷേപിച്ചിരുന്നു. അന്ന് മാപ്പ് പറഞ്ഞ് പ്രശ്നം ഒതുക്കിയെങ്കിലും വീണ്ടും ആവർത്തിച്ചപ്പോൾ സഹിക്കാനായില്ല. മാർച്ച് 10-ന് തന്നെ സ്വാതി രാജിക്കത്ത് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് സമയമായതിനാൽ പാർട്ടിയിലെ മറ്റ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ചും പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്ന് കരുതിയും തെരഞ്ഞെടുപ്പ് കഴിയും വരെ തുടർന്നു. വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേദിവസം തന്നെ സ്വാതി തന്റെ രാജി നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയിൽ വയോധിക വീണു; തോളിലേറ്റി മുകളിലെത്തിച്ച് എസ്ഐ
കുന്നംകുളത്ത് ആന ഇടഞ്ഞു, നാട്ടുകാർ പരിഭ്രാന്തിയിലായി; പാപ്പാന്മാരും ആന ഉടമയും ചേർന്ന് തളച്ചു