
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ടു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മറ്റു 23 കുട്ടികള്‍ക്കും സാരമായ പ്രശ്നങ്ങളില്ല.
അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നടക്കം പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകും.
റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴയത്ത് റോഡിൽ നനവുണ്ടായിരുന്നുവെന്നും നഗരൂര്‍ പഞ്ചായത്തംഗം എം രഘു പറഞ്ഞു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നതെന്നും ആര്‍ക്കും കാര്യമായ പരിക്കില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു. മഴ കാരണം റോഡിൽ ചെളി കെട്ടികിടന്നതിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നും റോഡിലെ പ്രശ്നം പരിഹരിക്കുമെന്നും എം രഘു പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam