
കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ ഇരുചക്ര വാഹനം എസ്ഐയെ ഇടിച്ചിട്ട് നിർത്താതെ പോയി. ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. എസ് ഐ സന്തോഷിന് പരിക്കേറ്റു. പൊലീസിനെ കണ്ട് ബൈക്ക് അമിത വേഗതയില്‍ ഓടിക്കുകയായിരുന്നു. തടഞ്ഞു നിര്‍ത്താനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ച് എസ് ഐ സന്തോഷ് നിലത്തു വീണു.
എസ് ഐയുടെ കൈക്ക് പൊട്ടലുണ്ട്. ബൈക്കോടിച്ച ആളേയും പിറകിലിരുന്ന ആളേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, കുണ്ടറയിൽ പൊലീസിനു നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ രണ്ടാം ദിവസവും പിടികൂടാനായില്ല.
പ്രതികൾ ഒളിവിൽ കഴിഞ്ഞ കരിക്കുഴിയിലെ തുരുത്തുകളിൽ പൊലീസ് ഇന്നും പരിശോധന നടത്തി. രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് രണ്ടാം ദിവസവും പൊലീസ് നടത്തിയത്. കുണ്ടറ, ശാസ്താംകോട്ട, ശൂരനാട്, പുത്തൂർ, ഈസ്റ്റ് കല്ലട എന്നീ സ്റ്റേഷനുകളിലെ 30 ഉദ്യോഗസ്ഥരാണ് തെരച്ചിൽ സംഘത്തിലുള്ളത്.
പടപ്പക്കരയിലെ ആൾതാമസം ഇല്ലാത്ത വീടുകൾ പൊലീസ് പരിശോധിച്ചു. കരിക്കുഴിയിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞ വീടിന് സമീപമുള്ള കായലിലെ തുരുത്തുകളും ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളിലും തെരച്ചിൽ നടത്തി. വെള്ളിമണ് വഴി ഇവർ രക്ഷപെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പ്രതികൾക്ക് സഹായം നൽകിയെന്ന് കരുതുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ പുലർച്ചയായിരുന്നു അടൂർ റസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികളായ ലൂയി പ്ലാസിഡിനെയും ആൻറണി ദാസിനെയും പിടികൂടാൻ ഇൻഫോപാർക്ക് പൊലീസ് കുണ്ടറ കരിക്കുഴിയിലെത്തിയത്. എന്നാൽ പ്രതികൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam