നിര്‍ത്തിയിട്ട ടോറസിന് പിന്നില്‍ കാറിടിച്ചു; നാല് വയസുകാരിക്ക് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

By Web TeamFirst Published Jan 29, 2023, 6:07 PM IST
Highlights

ഗുരുതരമായി പരിക്കേറ്റ അനിഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ കൊളഗപ്പാറയിലുണ്ടായ വാഹനപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണന്ത്യം. മലപ്പുറം അരീക്കോട് കമലാലയം റെജി - ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (നാല്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനിഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

ദേശീയപാത 766-ല്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത കൊളഗപ്പാറ വളവുകള്‍ സ്ഥിരം അപകടമേഖലയാണ്. ജില്ലയില്‍ സ്ഥിരം അപകടങ്ങളുണ്ടാകുന്ന 66 ബ്ലാക്ക് സ്പോട്ടുകള്‍ പൊലീസ് റെക്കോര്‍ഡിലുണ്ട്.  ഇവയില്‍ കൊളഗപ്പാറയും ഉള്‍പ്പെടുന്നുണ്ട്. 2018ല്‍  രണ്ട് മാസത്തിനുള്ളില്‍ അഞ്ചിലേറെ അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായത്. അതേസമയം, തിരുവനന്തപുരം തിരുവല്ലം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പൊട്ടക്കുഴി സ്വദേശി അരവിന്ദാണ് മരിച്ചത്. കഴുത്ത് ഒടിഞ്ഞ് ശരീരമാസകലം പരിക്കുമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇൻസ്റ്റാഗ്രാം റീൽസിൽ വീഡിയോ ഇടാനായി റേസിംഗ് ഷൂട്ട് ചെയ്യുകയായിരുന്നു അരവിന്ദ് എന്നാണ് പൊലീസ് നൽകുന്ന വിവരം. അതിവേഗതയിൽ വന്ന ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന വീട്ടമ്മയെ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും ഇടിയേറ്റ മരിച്ച സന്ധ്യയും മീറ്ററുകളോളം തെറിച്ചാണ് വീണത്. സന്ധ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയിൽ ബൈക്കിലെത്തിയ അരവിന്ദ് ഇടിച്ചു തെറിപ്പിച്ചത്. 

കൊച്ചിയിൽ ജീപ്പുമായി അഭ്യാസപ്രകടനം, നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു, യുവാവിനെതിരെ കേസ്

click me!