ക്യാമ്പസില്‍ വിദ്യാര്‍ഥികളുടെ വാഹന അഭ്യാസ പ്രകടനം: രണ്ട് പേര്‍ക്ക് പരുക്ക്, ഏഴ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയതു

By Web TeamFirst Published Mar 6, 2019, 1:00 AM IST
Highlights

അമിത വേഗത്തിലെത്തിയ വാഹനത്തില്‍ നിന്നും തെറിച്ച് വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവം വിവാദമായതോടെ ഏഴു വിദ്യാര്‍ഥികളെ എടത്വാ പോലീസ് അറസ്റ്റ് ചെയതു. 


കുട്ടനാട്: നിയന്ത്രണങ്ങള്‍ മറികടന്ന് അപകടകരമാം വിധം  കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികളുടെ വാഹന അഭ്യാസ പ്രകടനം. അമിത വേഗത്തിലെത്തിയ വാഹനത്തില്‍ നിന്നും തെറിച്ച് വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സംഭവം വിവാദമായതോടെ ഏഴു വിദ്യാര്‍ഥികളെ എടത്വാ പോലീസ് അറസ്റ്റ് ചെയതു. ഏഴു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജിലാണ് ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ നിര്‍ദേശവും മറികടന്ന് വിദ്യാര്‍ഥികള്‍ വാഹനത്തില്‍ അഭ്യാസപ്രകടനം നടത്തിയത്. 

ബി.കോം വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ചടങ്ങിനോട് അനുബന്ധിച്ചാണ് കഴിഞ്ഞ ഫെബ്രുവരി 26നും മാര്‍ച്ച് ഒന്നിനും കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ അഭ്യാസപ്രകടനം നടത്തിയത്. കാറിലും ജീപ്പിലും ബൈക്കുകളിലിലുമെത്തിയ വിദ്യാര്‍ഥികള്‍ കോളേജ് വളപ്പിലൂടെ അപകടകരമായ രീതിയില്‍ അമിത വേഗത്തില് വാഹനമോടിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്ന ജീപ്പില്‍ നിന്നും വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. 26ന് ബി.കോം ടാക്‌സ് ആന്ഡ് ഫിനാന്‍സ് വിദ്യാര്‍ഥികളും ഒന്നിന് ബി.കോം കംപ്യൂട്ടര്‍ വിദ്യാര്‍ഥികളുമാണ് അഭ്യാസപ്രകടനം നടത്തിയത്.  

ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിള്‍ പ്രചരിപ്പിച്ചതും. എന്നാല്‍ അഭ്യാസപ്രകടനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ വി സാബന്‍ പറഞ്ഞു.  2015ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ചു വിദ്യാര്‍ഥിനി മരിച്ചിരുന്നു. തുടര്‍ന്നാണ് കാമ്പസിനുള്ളില്‍ വാഹങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

click me!