
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെബി ഗണേഷ് കുമാറിന്റെ പരാമർശത്തിനെതിരെ കൂടുതൽ യുഡിഎഫ് നേതാക്കൾ രംഗത്ത്. മന്ത്രിസഭയിലെ അംഗം എന്നതിലുപരി മകനെപ്പോലെ കണ്ടാണ് ഉമ്മൻ ചാണ്ടി ഗണേഷ് കുമാറിനു വേണ്ടി ഇടപെട്ടതെന്നും എന്താണു സംഭവിച്ചതെന്നു മലയാളിക്കു ബോധ്യമുണ്ടെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ഗണേഷിന്റെ കുടുംബം തകരാതിരിക്കാൻ വേണ്ടി ആ മനുഷ്യൻ പരിശ്രമിച്ചത് അറിയാവുന്നയാൾ താനാണെന്നും ഷിബു ബേബി ജോൺ. എന്നാൽ, കുടുംബം തകർത്തത് ഉമ്മൻ ചാണ്ടിയാണെന്നാണു ഗണേഷ് കുമാർ ഇപ്പോൾ പറയുന്നത്.
എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ സംശയ മുനയിലാക്കിയതെന്നും ഷിബു ബേബിജോൺ പറഞ്ഞു. അതിനു കാരണം ബിജു രാധകൃഷ്ണൻ അവിടെ വന്ന് ഒരു വ്യക്തിയുടെ പേര് പറഞ്ഞതാണ്. ആ പേരു പുറത്തു പറയാതിരുന്നതാണ് ഉമ്മൻ ചാണ്ടിയുടെ മഹത്വം. ഗണേഷിന്റെ കയ്യിലുള്ളതെന്താണെന്നു പറയട്ടെ. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകൾ ഉണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ഒരു ഇടവേളയ്ക്കുശേഷം വീണ്ടും സോളാർ കേസും അതിജീവതയും ഈ തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാവുകയാണ്. ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടിയും ഉമ്മനാണ് ചർച്ചയ്ക്ക് തിരികൊളുത്തിയത്. അതും ഗണേഷ് കുമാറിന്റെ മണ്ഡലത്തിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പരാമർശം. തന്നെ സ്നേഹിച്ചത് പോലെ തന്നെയാണ് ഗണേഷ് കുമാറിനെയും ഉമ്മൻ ചാണ്ടി സ്നേഹിച്ചിരുന്നത് എന്നും എന്നിട്ടും ഗണേഷ് കുമാർ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. ഉമ്മൻചാണ്ടി തന്നെയാണ് ചതിച്ചതെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam