
തൃശൂർ: കഴുത്തിൽ കൊന്തയണിഞ്ഞ്, കൈലിമുണ്ടും പഴയൊരു ഷർട്ടും ധരിച്ച് സർക്കാർ ഓഫീസിൽ വെച്ച് എം.ജി ശ്രീകുമാറിന്റെ ഹിറ്റ് അയ്യപ്പ ഭക്തിഗാനം ആലപിച്ച് വൈറലായ തൃശ്ശൂർ ആതൂർ സ്വദേശി വിൽസണ് ഇനി നല്ല കാലം. പാട്ട് ഹിറ്റായതോടെ ഗാനമേളകൾക്ക് ക്ഷണം ലഭിച്ച് തുടങ്ങിയെന്നും സിനിമ ഗാനം പാടാൻ അവസരം ലഭിച്ചെന്നും വിൻസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിൽസൺ തൃക്കൂർ പഞ്ചായത്ത് ഓഫീസിൽ വച്ച് പാടിയ ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനമാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നത്. ‘എല്ലാരുടെ ചുണ്ടിലും സാമവേദം’ എന്ന അടിക്കുറിപ്പോടെ എംജി ശ്രീകുമാർ വിൽസണിന്‍റെ പാട്ട് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
ഈ പുതുവർഷം എന്തായാലും വിൽസണ് സന്തോഷത്തിന്‍റെ തുടക്കമാണ്. ഒരു നല്ല ഗായകനായി അറിയപ്പെടണമെന്നാണ് ആഗ്രഹമെന്ന് വിൽസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓട്ടു കമ്പനിയിൽ ഓട് അടുക്കലാണ് പണി. കൂടാതെ പറമ്പിലെ പണികളടക്കം കൂലിപ്പണികൾക്കും പോകും. വീഡിയോ വൈറലായതോടെ ഗാനമേള ട്രൂപ്പുകാരൊക്കെ വിളിക്കുന്നുണ്ട്. ഒരു സിനിമയിൽ പാടാൻ അവസരവും വന്നിട്ടുണ്ടെന്ന് വിൽസൺ പറയുന്നു. ഒരു സിനിമ പാട്ട് പാടണം, അതാണ് ജീവിത അഭിലാഷമെന്ന് വിൽസൺ പറഞ്ഞു.
പാട്ടുകൾ പാടാറുണ്ടെങ്കിലും ഒരു ഗായകനായി പരിഗണിക്കപ്പെടുന്നത് 58 ആം വയസ്സിലാണ്. അതിന് വഴി വച്ചതാവട്ടെ, തൃക്കൂർ പഞ്ചായത്ത് ഓഫീസിൽ വച്ച് പാടിയ അയ്യപ്പ ഭക്തിഗാനവും. പഞ്ചായത്ത് ഓഫീസിലെത്തിയ വിൽസണോട് പരിചയക്കാരായ ജീവനക്കാർ ഗാനം ആലപിക്കാൻ ആവശ്യപ്പെടുകയും, സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനം ആലപിക്കുന്നത് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയുമായിരുന്നു. തൃക്കൂർ പഞ്ചായത്തംഗം സൈമൺ നമ്പാടനെ കാണാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതായിരുന്നു വിത്സൻ. പരിചയക്കാരനായ പഞ്ചായത്ത് ജീവനക്കാരൻ ഹരിയാണ് വിൽസണോട് പാടാൻ ആവശ്യപ്പെട്ടത്.
പഞ്ചായത്ത് ജീവനക്കാർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. താനുമൊക്കെ വളരെ സന്തോഷത്തിലാണെന്നും വിൽസണിലെ കലാകാരനെ ലോകമറിയാൻ കാരണമായതിൽ സന്തോഷമുണ്ടെന്നും പഞ്ചായത്തിലെ ജീവനക്കാർ പറയുന്നു. ഭാര്യ രജിതയും മക്കളായ ജിംസൺ, ജസ്റ്റിൻ എന്നിവരോടൊപ്പം പഞ്ചായത്ത് അനുവദിച്ച പണിപൂർത്തിയാകാത്ത വീട്ടിലാണ് വിത്സന്റെ ജീവിതം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam