
കോഴിക്കോട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് സമാന്തര ലോട്ടറി കടകളില്‍ നടത്തിയ വ്യാപക പരിശോധനയില്‍ പണവും രേഖകളും പിടികൂടി. കോഴിക്കോട് താമരശ്ശേരി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും കടകളിലാണ് പരിശോധന നടത്തിയത്. വിവിധ കടകളില്‍ നിന്നായി 25000ത്തില്‍ അധികം രൂപയും ലക്ഷക്കണക്കിന് രൂപയുടെ പണമിടപാട് നടന്നതിന്‍റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
താമരശ്ശേരി ടൗണിൽ പ്രവര്‍ത്തിക്കുന്ന ബികെ ലോട്ടറീസ്, ന്യൂസ്റ്റാര്‍ ലക്കി സെന്‍റര്‍, ഗോള്‍ഡണ്‍ ലോട്ടറി, ഗോള്‍ഡണ്‍ ലക്കി സെന്‍റര്‍, പുതുപ്പാടിയിലെ ലക്കി സെന്‍റര്‍ ലോട്ടറി, അടിവാരത്തെ റോയല്‍ ശ്രീ കൃഷ്ണ ലോട്ടറി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇന്നലെ രാത്രി ഏഴ് മുതലാണ് മിന്നല്‍ പരിശോധന ആരംഭിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണിലെ ഗൂഗിള്‍ പേ, മറ്റ് മണി ട്രാന്‍സ്ഫറിംഗ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സമാന്തര ലോട്ടറി ചൂതാട്ട കേന്ദ്രങ്ങള്‍ക്കെതിരേ തുടര്‍ന്നും കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി കെ സുഷീര്‍ അറിയിച്ചു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ എ സായൂജ് കുമാറിന്‍റെ നേതൃത്വത്തില്‍ കോടഞ്ചേരി, കാക്കൂര്‍, മുക്കം, കൊടുവള്ളി സ്‌റ്റേഷനുകളിലെ എസ്‌ഐമാരും സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.