
കൊല്ലം: ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം പട്ടാഴി ദേവീക്ഷേത്രത്തിൽ വെച്ച് സുഭദ്ര എന്ന വയോധിക്കക്ക് തന്റെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടപ്പെട്ടത്. സുഭദ്രാമ്മ ക്ഷേത്രമുറ്റത്ത് കിടന്ന് വലിയ വായില്‍ കരഞ്ഞു. ആ സമയത്ത് അവിടെയെത്തിയ ഒരു അജ്ഞാത സ്ത്രീ തന്റെ കയ്യിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കമുള്ള രണ്ട് സ്വർണവളകൾ ഊരി സുഭദ്രാമ്മക്ക് നൽകി. നന്മ നിറഞ്ഞ ആ മനസ്സിനുടമയെക്കുറിച്ചാണ് എല്ലാവരും അന്വേഷിച്ചത്. ഒടുവിൽ ആശങ്കകൾക്ക് വിരാമമിട്ട് അവർ ആരെന്നറിഞ്ഞു, ചേർത്തല മരുതോർവട്ടം സ്വദേശിനി ശ്രീലതയായിരുന്നു സുഭദ്രാമ്മയുടെ മുന്നിൽ സഹായമായി എത്തിയത്. ഒരു നാടു മുഴുവൻ കാത്തിരുന്നത് ഈ വ്യക്തിയെക്കുറിച്ച് അറിയാനാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടാഴി ദേവീ ക്ഷേത്രത്തിൽ കുംഭത്തിരുവാതിര ഉത്സവം നടന്നത്. ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ദേവീ ക്ഷേത്രത്തിൽ തൊഴാനായി ശ്രീലത പോയത്. താൻ ചെയ്തത് മഹത്തായ കാര്യമാണെന്ന അവകാശ വാദമൊന്നും ശ്രീലതക്കില്ല. ഒരാളുടെ സങ്കടത്തിൽ സഹായമാകാൻ കഴിഞ്ഞതിന്റെ സന്തോഷം മാത്രം. അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയാണ് സുഭദ്ര.
ഊരും പേരും അറിയാത്തൊരു നല്ല മനസുകാരിയുടെ സ്നേഹത്തില്‍ ചാലിച്ച സ്വര്‍ണം കൊണ്ട് തീര്‍ത്ത മാലയാണ് സുഭദ്രാമ്മയുടെ കൈയിലിരിക്കുന്നത്. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കൊട്ടാരക്കര മൈലത്ത് കശുവണ്ടി തൊഴിലാളിയായ സുഭദ്ര പട്ടാഴി ദേവീക്ഷേത്രത്തില്‍ ഉല്‍സവം തൊഴാന്‍ പോയത്. ക്ഷേത്രാങ്കണത്തില്‍ വച്ചാണ് കഴുത്തില്‍ കിടന്ന രണ്ടു പവന്‍ തൂക്കമുളള സ്വര്‍ണ മാല നഷ്ടപ്പെട്ടത്.
പിന്നീട് നടന്ന സംഭവമിങ്ങനെ, കരച്ചില്‍ കണ്ട മറ്റൊരു സ്ത്രീ കൈയില്‍ കിടന്ന രണ്ടു പവന്‍ തൂക്കം വരുന്ന രണ്ടു സ്വര്‍ണ വളകള്‍ ഊരി സുഭദ്രയ്ക്ക് കൊടുത്തു. വള വിറ്റ് കിട്ടുന്ന പണം കൊണ്ട് മാല വാങ്ങണമെന്ന് പറഞ്ഞ് സ്വന്തം പേരു പോലും പറയാതെ അവര്‍ മടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമെല്ലാം നല്ല മനസുളള ആ സ്ത്രീയെ കണ്ടെത്താനുളള ഓട്ടത്തിലായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ആ നന്മ മനസിന്‍റെ മുഖം തെളിഞ്ഞെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അതെന്തായാലും ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്ന ആ സ്ത്രീയുടെ സ്ഥാനം തന്‍റെ മനസിലെന്നും ദൈവത്തിന് തുല്യമായിരിക്കുമെന്ന് സുഭദ്രാമ്മയുടെ വാക്കുകൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam