
ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ (food inspection) നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണവും ബേക്കറിയില്‍നിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, കോടതിപാലം ഹസീന, കിടങ്ങാംപറമ്പ് മഹാദേവ എന്നീ ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറ്, സാമ്പാര്‍, മീന്‍, ഇറച്ചി അടക്കമുള്ള ഭക്ഷണങ്ങളാണ് പിടിച്ചെടുത്തത്.
നഗരത്തിലെ ബേക്കറികളില്‍ നിന്നും പഴകിയ പലഹാരങ്ങളും മറ്റൊരിടത്തുനിന്നും കാലാവധി കഴിഞ്ഞ പാലും പിടികൂടി. കിടങ്ങാംപറമ്പ് സ്റ്റാച്യുവിന് സമീപത്തെ പ്രിയ ബേക്കറിയില്‍ നിന്ന് കാലാവധി കഴിഞ്ഞപലഹാരങ്ങളും ഇന്ദിര ജങ്ഷന് സമീപത്തെ അറേബ്യന്‍ ഷേക്ക് എന്ന സ്ഥാപനത്തില്‍നിന്ന് പഴകിയ പാലുമാണ്പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 6.30 മുതല്‍ ഉച്ചവരെയാണ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.
ജെ.എച്ച്.ഐമാരായ സി.വി. രഘു, ടെന്‍ഷി സെബാസ്റ്റ്യന്‍, ഗിരീഷ്, ശിവകുമാര്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നരസഭാധ്യക്ഷ സൗമ്യരാജ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവര്‍ പറഞ്ഞു.