
മലപ്പുറം: മലപ്പുറം എടപ്പാളിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കിൽ നിന്നു തെറിച്ചു വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാൾ കോലൊളമ്പ് വല്യാട് സ്വദേശി 31 വയസുകാരൻ വിപിൻ ദാസാണ് മരിച്ചത്. എടപ്പാൾ തുയ്യത്ത് വച്ച് നായയെ ഇടിച്ചു മറിഞ്ഞ യുവാവിനെ പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന വിപിൻ ദാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടയർ കടയിൽ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം, കായംകുളം എരുവയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർമാർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. എരുവ ചിറയിൽ വടക്കതിൽ ലക്ഷ്മി ഭവനത്തിൽ ഹരികുമാർ (54), രാജു ഭവനത്തിൽ രാജു (57), കാഞ്ഞിരക്കാട്ട് പടീറ്റതിൽ രമണൻ (57) എന്നിവർക്കാണ് പരിക്കേറ്റത്. കാലിനെ പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവർമാരായ ഹരികുമാറിനെയും രാജുവിനെയും ഏരുവ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാൻഡിൽ നിര്‍ത്തിയിട്ട വാഹനത്തിനുള്ളിൽ കയറിയാണ് തെരുവ് നായ കടിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് നിന്ന രമണന് കടിയേറ്റത്. പാഞ്ഞടുത്ത തെരുവ് നായ രമണനെ മറിച്ചിട്ട ശേഷമാണ് കടിച്ചത്. മൂവർക്കും കാലിനാണ് കടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam