
തൃശൂര്‍: ഗുരുവായൂര്‍ നഗരത്തിലൂടെയും തൊട്ടടുത്ത പ്രദേശങ്ങളിലൂടെയും ഒഴുകേണ്ട തോടുകള്‍ മാലിന്യക്കൂമ്പാരമായതോടെ ജലസ്രോതസുകള്‍ക്ക് അപായമണി മുഴങ്ങുന്നു. നഗരത്തിന്റെ പ്രധാന ജലസ്രോതസുകളായ വലിയ തോടും ചെറിയ തോടും മാലിന്യക്കൂമ്പാരമായി മാറിയതോടെ ഗുരുവായൂരില്‍ ഗുരുതര പരിസ്ഥിതി പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതോടെ തോടുകളുടെ ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞതോടെ ദുര്‍ഗന്ധവും രൂക്ഷമാണ്.
തോടുകളുടെ ഇരുകരകളിലും താമസിക്കുന്നവരുടെ ദൈനംദിന ജീവിതവും ദുരിതത്തിലായിക്കഴിഞ്ഞു. കൊതുകുശല്യവും ദുര്‍ഗന്ധവും വര്‍ധിച്ചതോടെ ആരോഗ്യഭീഷണിയും ഉയരുന്ന സാഹചര്യമാണ്. സാധാരണയായി നഗരസഭാ ആരോഗ്യവിഭാഗം ആഴ്ചതോറും തോടുകള്‍ ശുചീകരിച്ചിരുന്നതാണ്. എന്നാല്‍ അഞ്ച് മാസമായി ശുചീകരണം മുടങ്ങിയതാണ് മാലിന്യപ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മാലിന്യം ശേഖരിച്ച് നീക്കം ചെയ്യാന്‍ ആവശ്യമായ വാഹനങ്ങളുടെ അഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. നഗരസഭയുടെ മൂന്ന് വാഹനങ്ങള്‍ നിലവില്‍ കട്ടപ്പുറത്താണ്. വാടകയ്ക്ക് വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നും നഗരസഭാ അധികൃതര്‍ പറയുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് അഹമ്മു പറഞ്ഞു.
രണ്ടുമാസം മുമ്പ് തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ മാലിന്യം കരയിലേക്ക് കോരി മാറ്റിയിരുന്നു. എന്നാല്‍ അത് നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് വാഹനമില്ലാത്തതിനാല്‍ നടപടിയുണ്ടായില്ല. പിന്നീട് മഴ ശക്തമായതോടെ കരയില്‍ കിടന്ന മാലിന്യം വീണ്ടും തോട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതിനെതിരെ നിരവധി തവണ നഗരസഭയില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന് പരിഹാരം കാണാമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നൗഷാദ് പറഞ്ഞു. എന്നാല്‍ ഇനിയും നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നഗരത്തിന്റെ ജലസ്രോതസുകളെ മാലിന്യവാഹിനികളാക്കി മാറ്റാതെ അടിയന്തരമായി ശുചീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam