13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി. കണ്ടാലറിയാവുന്ന 107 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് : വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 120 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 13 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നടപടി. കണ്ടാലറിയാവുന്ന 107 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻ്റ് ടി.ടി. ജിനീഷ്, സെക്രട്ടറി എൻ. ഷിജിൽ, ട്രഷറർ അമൽ എന്നിവരും ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുമാണ് കേസിൽ ഉൾപ്പെട്ട പ്രധാന നേതാക്കൾ. മാരാകായുധങ്ങളുമായി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

തിരുവോണ നാളിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദിച്ച ലീഗ് അനുകൂലികളായ ലഹരി മാഫിയാ സംഘത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധം അതിരുകടന്നതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ബാരിക്കേഡിന് സമീപം ശക്തമായ സംഘർഷമുണ്ടായി. സംഘർഷത്തിൽ നിരവധി ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.