
ഹരിപ്പാട്: തത്തയെ എടുക്കാൻ തെങ്ങിൽ കയറിയ വിദ്യാർഥി വീണു മരിച്ചു. കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. പുല്ലുകുളങ്ങര -കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിന് വടക്ക് വശമുള്ള പറമ്പിലെ തെങ്ങിൽ കയറിയപ്പോൾ മടൽ ഭാഗം വെച്ച് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ആംബുലൻസ് വരുത്തി ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും, സമീപവാസികളും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുതുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സഹോദരി: മധുര മീനാക്ഷി.
അതേസമയം, കൊച്ചിയിൽ വീണ്ടും കേബിൾ കുടുങ്ങി അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനിൽകുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇത് ആദ്യമായല്ല കൊച്ചിയില്‍ നിന്ന് സമാനമായ അപകടമുണ്ടാവുന്നത്. ഡിസംബര്‍ അവസാനവാരം എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവും ഇരുചക്രവാഹന യാത്രയ്ക്കിടെ കേബിളില്‍ കുരുങ്ങി പരിക്കേറ്റിരുന്നു. റോഡിന് കുറുകെ താഴ്‍ന്ന നിലയിലായിരുന്നു കേബിൾ സാബുവിന്‍റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ ജൂണിൽ കാക്കനാട് അലൻ എന്ന 25 കാരന്‍ കേബിൾ കുരുങ്ങി മരണപ്പെട്ടിരുന്നു.
ജനുവരി ആദ്യവാരത്തില്‍ തൂങ്ങിക്കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി കളമശേരി തേവയ്ക്കലിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ എ.കെ ശ്രീനിക്കാണ് പരിക്കേറ്റത്. കേബിൾ കഴുത്തിലും മുഖത്തും കുരുങ്ങിയ ശ്രീനി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam