
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ കാട്ടാന എത്തിയത്. നെൽപ്പാടത്ത് ഇറങ്ങിയ ആന കൃഷി നശിപ്പിച്ചിട്ടുണ്ട്. രണ്ട് തെങ്ങുകളും ആന മറിച്ചിട്ടു.
പി ടി സെവനെ കൂട്ടിലാക്കി ആശ്വസിച്ച് നിൽക്കുമ്പോഴാണ്, തൊട്ടടുത്ത ദിവസം വീണ്ടും ആന ഇറങ്ങിയത്. പത്മനാഭൻ എന്നയാളുടെ തോട്ടത്തിലാണ് ആന എത്തിയത്. പിടി സെവനെ മയക്കുവെടി വയ്ക്കുമ്പോൾ, ഒപ്പമുണ്ടായിരുന്ന മോഴയാന ആണോ എന്നാണ് നാട്ടുകാരുടെ സംശയം. ആര്‍ആര്‍ടി എത്തി ആനയെ കാട്ടിലേക്ക് തിരികെ കയറ്റി.
Also Read: ധോണിയെ വിറപ്പിച്ച പിടി സെവൻ, കീഴടങ്ങും വരെ കൺമുന്നിൽ കണ്ട കഥയിങ്ങനെ...
നാല് വർഷമായി ധോണി പ്രദേശത്തിന്‍റെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്നലെ പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിൽ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.
ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഒടുവില്‍ പിടിയിലായത്. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്ന പിടി 7 ഇപ്പോൾ ധോണി ക്യാമ്പിൽ 140 യൂക്കാലിപ്സ് മരം കൊണ്ട് ഉണ്ടാക്കിയ കൂട്ടിലായതിന്‍റെ ആശ്വാസത്തിലായിരുന്നു ധോണിക്കാർ. എന്നാല്‍ വീണ്ടും ഭീതി പരത്തിയാണ് മറ്റൊരു കാട്ടാന ഇന്ന് ഇറങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam