
കോട്ടയം: 'ഈ മനോഹരമായ ഇന്‍റീരിയര്‍ വര്‍ക്കിന് ലക്ഷങ്ങളാണ് ചെലവായത്'... പുതിയ വീടിനായി ചെലവഴിച്ച ഭീമമായ തുകയെ കുറിച്ച് അഭിമാനപൂര്‍വ്വം പറയുന്ന നിരവധി പേരെ നമ്മളൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവരോട് കോട്ടയം പാമ്പാടി സ്വദേശിയായ സുബിന് ചോദിക്കാനുള്ളത് 'ഇതൊക്കെ എന്ത്' എന്ന് മാത്രമാണ്. ആര്‍ക്കിടെക്ടായ സുബിന്‍ തന്‍റെ ഓഫീസിനെ അണിയിച്ചൊരുക്കിയത് കണ്ടാല്‍ ആരും അത്ഭുതംകൂറി പോകും. ഇതിന് എത്ര രൂപ ചെലവായെന്ന് ചോദിച്ചാല്‍ വെറും 50,000 രൂപ എന്ന് സുബിന്‍ അഭിമാനപൂര്‍വ്വം പറയും. അതില്‍ തന്നെ ഇന്‍റീരിയറിനായി പെയിന്‍റും ടൈല്‍സും അല്ലാതെ ഒന്നും പുറത്ത് നിന്ന് വാങ്ങിയിട്ടുമില്ല. പാമ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലാര്‍ക്ക് ഡിസൈന്‍ സ്റ്റുഡിയോയുടെ ഉടമയാണ് സുബിന്‍. പാഴ് വസ്തുക്കളില്‍ നിന്ന് ഓഫീസിന്‍റെ ഇന്‍റീരിയര്‍ പൂര്‍ണമാക്കിയതിന്‍റെ കഥയാണ് സുബിന് പറയാനുള്ളത്.
തമിഴ്നാട്ടില്‍ നിന്ന് ഒരുപാട് സ്വപ്നങ്ങളുമായാണ് സുബിന്‍ സി കോശി ബി. ആര്‍ക്ക് കോഴ്സ് പഠിച്ചിറങ്ങിയത്. എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തോളം ജോലി. കോട്ടയത്തെ ലൂര്‍ദ്ദ് പള്ളിയുടെ ഇന്‍റീരിയര്‍ വര്‍ക്കിലടക്കം പങ്കാളിയായത് ഈ കാലത്താണ്. പിന്നീട് ജീവിതം കെട്ടിപ്പടുക്കാന്‍ ദുബൈയിലെ പ്രവാസജീവിതം. പക്ഷേ, തന്‍റെ സ്വപ്നങ്ങള്‍ അപ്പോഴും ഉപേക്ഷിക്കാന്‍ സുബിന്‍ തയാറായില്ല. ദുബൈയിലെ ജോലിയില്‍ തന്‍റേതായ രീതിയില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നതോടെ നാട്ടിലേക്ക് തിരിച്ചെത്തി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഫ്രീലാന്‍സ് ആയി ലഭിച്ച വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്തിയ ശേഷമാണ് സ്വന്തം സംരംഭത്തിലേക്ക് തിരിഞ്ഞത്.
തന്‍റെ ഓഫീസ് എല്ലാക്കാലവും ഏവരും ഓര്‍ത്തിരിക്കണമെന്ന നിര്‍ബന്ധം സുബിനുണ്ടായിരുന്നു. ഇതിനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. പാമ്പാടിയിലുള്ള തന്റെ കെട്ടിടത്തിൽ വ്യവസായിയായ മനോജ് ആന്‍ഡ്രൂസ് ചേന്നാട്ടുമറ്റം ഒരു മുറി നൽകിയതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചേന്നാട്ടുമറ്റം ജ്യൂവല്ലറി പുതുക്കുന്ന സമയത്തായിരുന്നു ഇക്കാര്യങ്ങള്‍ നടന്നത്. ഇതോടെ ജ്യുവല്ലറി പൊളിച്ചതിന്‍റെ അവശിഷ്ടങ്ങളായിരുന്നു ഓഫീസ് നിര്‍മ്മാണത്തിന് ലഭിച്ച ആദ്യ സാമഗ്രഹികള്‍.
ഉപയോഗശൂന്യമായ പ്ലൈവുഡ് ഉപയോഗിച്ച് മേശയും ഇരിപ്പിടങ്ങളും ഉണ്ടാക്കി. വാഹനത്തിന്റെ ടയർ ഉപയോഗിച്ച് ടീപോയും അക്വേറിയവും നിർമ്മിച്ചു. പ്ലൈവുഡ് ഉപയോഗിച്ച് തന്നെ പ്ലാന്റ് ബോക്സുകൾ കൂടെ നിർമ്മിച്ചപ്പോൾ ആകർഷണം ഇരട്ടിയായി. പിവിസി പൈപ്പ് ഉപയോഗിച്ച് ലാമ്പ് ഹോൾഡറുകൾഡുകളുമുണ്ടാക്കി. പെയിന്‍റിന് പകരം പത്രം ഉപയോഗിച്ച് ഭിത്തിയും മനോഹരമാക്കി. കുപ്പികളിൽ ചിത്രം വരച്ച് ചെടികള്‍ കൂടെ വയ്ക്കുകയും മുള ഉപയോഗിച്ചുള്ള മിനുക്കു പണികള്‍ കൂടെ ആയതോടെ ഓഫീസ് അതിമനോഹരമായി.
സുബിനൊപ്പം സുഹൃത്തുക്കളായ എബിന്‍ അലക്സ് ജേക്കബ്, അലന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നതോടെ സ്വപ്നങ്ങള്‍ സാധ്യമായി. നാട്ടിലുള്ള മറ്റ് സുഹൃത്തുക്കളും ഓഫീസ് നിര്‍മ്മാണത്തില്‍ പങ്കാളികളായി. ആക്രി സാധനങ്ങള്‍ ശേഖരിച്ചൊക്കെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇടയ്ക്ക് തടസമായി എത്തിയെങ്കിലും ഒന്നരമാസം കൊണ്ട് 500 സ്ക്വയര്‍ ഫീറ്റില്‍ എല്ലാം ഒരുക്കിയെടുക്കാന്‍ സുബിനും സുഹൃത്തുക്കള്‍ക്കും സാധിച്ചു.
ചെലവ് കുറച്ചു എന്നതിലുപരി ഒരുപാട് കാര്യങ്ങളാണ് തന്‍റെ ആശയത്തിലൂടെ പങ്കുവെയ്ക്കാന്‍ ഉദ്ദേശിച്ചതെന്ന് സുബിന്‍ പറയുന്നു. ഒരു ആര്‍ക്കിടെക്ടിന് എപ്പോഴും പരീക്ഷണങ്ങള്‍ നടത്തിയേ പറ്റൂ. അങ്ങനെ ഒരു പരീക്ഷണമായിരുന്നു ഓഫീസും. മറ്റൊരാള്‍ക്ക് മാതൃകയായി സ്വന്തം ഓഫീസ് തന്നെ ചൂണ്ടിക്കാട്ടാനുള്ളപ്പോള്‍ വേറെ എന്ത് വേണമെന്ന് സുബിന്‍ ചോദിക്കുന്നു. പാഴ് വസ്തുക്കള്‍ വെറും പാഴല്ലെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ ഈ ആശയം മാതൃകയായി സ്വീകരിച്ചാല്‍ നിര്‍മ്മാണ മേഖലയിലെ മാലിന്യ സംസ്കരണത്തിനും പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്ന് സുബിന്‍ പറഞ്ഞു.
സുബിനും സുഹൃത്തുക്കളുടെയും ഒരു സ്വപ്നം മാത്രമേ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിട്ടുള്ളൂ. കൊവിഡില്‍ പകച്ച് നില്‍ക്കുന്ന കേരളത്തിനും നിര്‍മ്മാണ മേഖലയ്ക്കും ചെറിയ ചെലവില്‍ ഓഫീസും വീടുമെല്ലാം ഒരുക്കിയെടുക്കാന്‍ സാധിക്കുന്ന ഒട്ടനവധി ആശയങ്ങള്‍ ഇപ്പോഴും ഈ സൗഹൃദക്കൂട്ടത്തിന്‍റെ കൈയിലുണ്ട്. ഇനി അതിനുള്ള സമയമാണെന്ന് ആത്മവിശ്വാസത്തോടെ സുബിന്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam