
കാസർകോട്: മാർജാരൻ, മിക്കവാറും വിട്ടിലെല്ലാം കാണും, മ്യാവു വിളിച്ച് മീൻ മുറിക്കുന്നിടം മുതൽ ഭക്ഷണം അവകാശത്തോടെ ചോദിച്ച് വാങ്ങുന്ന, എലിയെ പിടിക്കാൻ ഓടുന്ന കാഴ്ച. അങ്ങനെ വീടുവിട്ട് അധികം ദൂരമൊന്നും പോകാറില്ല. ഇനി എവിടെയങ്കിലും കൊണ്ടാക്കിയാൽ പാട്ടുപാടും തിരികെ എത്തുകയും ചെയ്യും. അങ്ങനെയുള്ള ഒരു മാർജാരന്‍റെ അതിജീവനത്തിന്‍റെ കാഴ്ചയാണ് കാസർകോട് നിന്നും പുറത്തുവരുന്നത്.
ഏതോ ഒരു ദുർബല നിമിഷത്തിൽ വിടുവിട്ടിറങ്ങി മാർജാരൻ നാടുകാണാൻ അങ്ങനെ നടന്നു. തലങ്ങും വിലങ്ങും നടന്ന് പ്രകൃതി രമണിയത ആസ്വദിക്കുന്നതിനിടെ കോട്ടച്ചേരി റെയിൽവെ മേൽപാലത്തിൽ വാഹനത്തിന്‍റെ രൂപത്തിൽ അപകടമെത്തി. കോട്ടച്ചേരി റെയിൽവെ മേൽപാലത്തിന് മുകളിലെ റോഡുമുറിച്ചു കടക്കുന്നതിനിടെ ഏതോ വാഹനമിടിച്ച് ആശാന്‍റെ വലതു കൈയ്ക്കു ഗുരുതരമായി പരിക്കേറ്റു. വേദന സഹിക്ക വൈയാതെ മ്യാവു മ്യാവു എന്നറിക്കരഞ്ഞു കൊണ്ട് എങ്ങോട്ടും പോകാനാകാതെ കിടക്കവെയാണ് ചിലർ രക്ഷക്കെത്തിയത്. മാർജാരന്‍റെ സങ്കട കരച്ചിൽ കണ്ടയാൾ സിവിൽ ഡിഫൻസ് പ്രവർത്തകരെ വിവരം അറിയിച്ചു. പിന്നാലെ സിവിൽ ഡിഫൻസ് അംഗം അബ്ദുൾ സലാം സ്ഥലത്ത് എത്തി ആശാനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാർജാരൻ പല്ലും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി വന്ന ഒരു യുവതി കൂടി സഹായത്തിനെത്തിയതോടെ മാർജാരനെ പിടികൂടാനായി. ഒരു പെട്ടിയിലാക്കി സിവിൽ ഡിഫൻസ് അംഗങ്ങളായ അബുദുൾ സലാം, പ്രദീപ്കുമാർ , സുധീഷ് എന്നിവർ ചേർന്ന് പുതിയ കോട്ടയിലെ മൃഗാശുപത്രിയിലെത്തിച്ചു.
ഇവിടുത്തെ ഡോക്ടർമാരായ വെറ്റിനറി സർജൻ കെ വസന്തകുമാർ , ബിജിന എന്നിവർ ചേർന്ന് പ്രഥമ ശുശ്രുഷ ചെയ്യുന്നതിനിടെ പൂച്ച വീണ്ടും അക്രമകാരിയായി. കൈയിൽ നിന്നും കുതറി ഓടാൻ ശ്രമിച്ചെങ്കിലും ഏറെ ശ്രമകരമായി ഇതിനെ വീണ്ടും പിടികൂടി ചികിത്സ ആരംഭിച്ചു. ആഴത്തിൽ മുറിവേറ്റതിനാൽ വലതുകാലിന്റെ തൊലി പൂർണ്ണമായും പൊളിഞ്ഞ് മുകളിലേക്ക് കയറിയ അവസ്ഥയിലായിരുന്നു. സർജറി ചെയ്ത് തുന്നി ചേർക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. വേദന സംഹാരി കുത്തിവെച്ചതോടെ മാർജാരൻ മര്യാദക്കാരനായി. സർജർമാരായ ഡോക്ടർ എസ് ജിഷ്ണു, ഡോക്ടർ ജി നിധിഷ് എന്നിവർ പെരിയയിൽ (ഇരട്ടത്തലയുളള പശുക്കിടാവിനെ എടുക്കാൻ പോയിരുന്നു) ആയതിനാൽ അവർ എത്തിയ ശേഷം ശസ്ത്രക്രിയക്ക് വിധേയനാക്കി. മയക്കത്തിനുള്ള മരുന്ന് കുത്തിവെച്ച ശേഷം വളരെ സുഷ്മതയോടെ വലതുകാലിലെ രോമങ്ങൾ വടിച്ചു മാറ്റിയ ശേഷമാണ് സർജറി നടത്തിയത്. ഇരുപത്തിമൂന്നോളം തുന്നൽ ഇട്ടാണ് തൊലി പൂർണ്ണമായും പൂർവ്വസ്ഥിതിയിലാക്കിയത്. ഒന്നേകാൽ മണിക്കുറിലധികം സമയം ചെലവഴിച്ചായിരുന്നു സർജറി നടത്തിയത്. ശേഷം നാടുകാണാനിറങ്ങിയ മാർജാരനെ തുടർ പരിചരണത്തിനായി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ഇനി കാല് ശരിയായ ശേഷം വേണം ആശാന് ബാക്കി യാത്ര നടത്താൻ.