പാലക്കാട് മെഡിക്കല്‍ കോളേജിന്‍റെ ഭരണനിര്‍വഹണം നടത്തുന്ന സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേരള സർക്കാരിന്‍റെ അപ്പീല്‍ തള്ളിയത്

ദില്ലി: മെഡിക്കൽ പി ജി പ്രവേശനത്തിന് സർക്കാർ സർവ്വീസിൽ ഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്‍റെ ഹര്‍ജി തള്ളിയത്. പാലക്കാട് മെഡിക്കല്‍ കോളേജിന്‍റെ ഭരണനിര്‍വഹണം നടത്തുന്ന സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേരള സർക്കാരിന്‍റെ അപ്പീല്‍ തള്ളിയത്.

പാലക്കാട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നത്. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടേതാണ് പാലക്കാട് മെഡിക്കൽ കോളേജ്. ഡോക്ടർമാരെയും, മറ്റ് ജീവനക്കാരെയും കോളേജിലേക്ക് നിയമിക്കുന്നത് സൊസൈറ്റിയാണ്. അതിനാൽ അവരെ സർക്കാർ ജീവനക്കാരായി കണക്കാക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വാദം.

സര്‍ക്കാരിനായി സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും സ്റ്റാന്‍ഡിങ്‌ കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും വാദിച്ചു. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ മുഹമ്മദ് സാദിഖ് എന്നിവര്‍ ഹാജരായി. സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ചിദംബരേഷ് ഹാജരായി.

'ആളല്ലെങ്കിൽ സമന്‍സ് മുതിർന്ന പുരുഷ അംഗത്തെ ഏൽപ്പിക്കണം', ഇത് ലിംഗവിവേചനം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

അതേസമയം സുപ്രിംകോടതിയിൽ നിന്നും പുറത്തു വന്ന മറ്റൊരു വാർത്തയും വലിയ തോതിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കേസിന്റെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട നിരീക്ഷണമാണ് പരമോന്നത കോടതി നടത്തിയത്. നടപടിക്രമങ്ങൾ തീരുന്ന കേസുകളിൽ ഉചിതമായ സമയത്ത് വാഹനം വിട്ടുനൽകണമെന്നതാണ് സുപ്രീം കോടതി പറഞ്ഞത്. കസ്റ്റഡിയിലുള്ളപ്പോൾ വാഹനങ്ങൾ നശിക്കാതിരിക്കാനുള്ള ശ്രദ്ധ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മഞ്ചേരിയിൽ സ്വിഫ്റ്റ് ഉടമ നൽകിയ ഹർജിയിൽ കസ്റ്റഡിയിലുള്ള വാഹനം വിട്ടുകൊടുക്കാൻ ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.