
കല്‍പ്പറ്റ: സ്ഥിരം ലഹരിക്കേസിൽ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത 49കാരന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. പൊലീസിനെ കണ്ടെപ്പോൾ മിന്നൽ വേഗത്തിൽ പറമ്പിലേക്ക് പൊതിയെറിഞ്ഞ് 49കാരൻ. പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎയും മെത്തഫിറ്റാമിനും. മുട്ടില്‍ ചെറുമൂലവയല്‍ ചൊക്ലിവീട്ടില്‍ ഇച്ചാപ്പു എന്ന അബൂബക്കറി(49)ന്റെ വീട്ടില്‍ നിന്നാണ് 7.48 ഗ്രാം എം.ഡി.എം.എയും 1.40 ഗ്രാം മെത്തഫിറ്റാമിനും കല്‍പ്പറ്റ പൊലീസ് കണ്ടെടുത്തത്. ഇയാള്‍ നിരവധി ലഹരിക്കേസിലും, അടിപിടിക്കേസിലും, എക്‌സൈസ് ഇന്‍സ്പെക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് അബൂബക്കറിന്റെ വീട്ടില്‍ പരിശോധനക്കെത്തിയത്.
എന്നാല്‍ പൊലീസിനെ കണ്ടതും കൈവശമുണ്ടായിരുന്ന പൊതി ഇയാള്‍ വലിച്ചെറിയുകയായിരുന്നു. എറിഞ്ഞുകളഞ്ഞ പൊതി കണ്ടെത്തി പരിശോധിച്ചപ്പോള്‍ 1.40 ഗ്രാം മെത്തഫിറ്റാമിന്‍ ആണെന്ന് വ്യക്തമായി. പിന്നാലെ ഇയാളുടെ വീടും പരിസരവും കേന്ദ്രീകരിച്ച് പരിശോധന നടത്തുകയുമായിരുന്നു. പരിശോധനക്കിടെ കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച നിലയില്‍ 7.48 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ഇതിന് പുറമെ ഏഴ് മൊബൈല്‍ ഫോണുകളും സിപ് ലോക്ക് കവറുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എ.യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ പി. ജയപ്രകാശ്, അനന്തു തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയുടെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയത്.