
തിരുവനന്തപുരം: അടച്ചിട്ട വീട്ടിൽ കയറി സാനിട്ടറി ഫിറ്റിംഗ്സുകളും വയറുകളും മോഷണം നടത്തുന്ന പ്രതി പിടിയിൽ. ശ്രീകാര്യം പോങ്ങുംമൂട് ചേന്തിയിൽ ശ്യാം (21) നെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിക്ക് പ്രശാന്ത് നഗർ സ്വദേശി ഡോ. ജയകുമാറിന്റെ വീട്ടിൽ കയറി വീട്ടിലുണ്ടായിരുന്ന പൈപ്പുകളും വയറുകളും മോഷണം നടത്തുന്നതിനിടയിലാണ് ശ്യാം പിടിയിലാകുന്നത്.
സംഭവ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. പൈപ്പുകൾ മോഷ്ടിക്കുന്നതിന് വേണ്ടി ശ്യാം വീട്ടിനുള്ളിലെ മുഴുവൻ സാനിട്ടറി സാധനങ്ങളും അടിച്ച് പൊട്ടിച്ച് നശിപ്പിച്ചു. വലിയ ശബ്ദം കേട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പൊലീസ് എത്തിയപ്പോൾ ശ്യാം മോഷ്ടിച്ച സാധനങ്ങൾ ഓട്ടോയിൽ കയറ്റി രക്ഷപ്പെടാൻ ഒരുങ്ങുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ശ്രീകാര്യം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച സാധനങ്ങൾ കടത്താൻ ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശ്യാമിനെതിരെ ശ്രീകാര്യം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ ഉണ്ടെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ ആക്രി കടയിൽ കൊണ്ട് വിൽക്കുകയാണ് ഇയാളുടെ പതിവ്. അടുത്തിടെ പ്രദേശത്ത് സമാന രീതിയിൽ മോഷണങ്ങൾ നടന്നതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.
Read more: എന്തിനാടാ മോഷ്ടിക്കുന്നത്? സത്യസന്ധനായ കള്ളന്റെ ഉത്തരം കേട്ട് ചിരി സഹിക്കാനാവാതെ പൊലീസുകാർ
അതേസമയം, മോഷണത്തെ തുടര്‍ന്ന് കടയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അതിഥി തൊഴിലാളി കട തീവെച്ച് നശിപ്പിച്ചെന്ന് പരാതി. ഇതിന് ശേഷം ഇയാൾ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയിൽ പറയുന്നു. കടയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കൈയോടെ പിടികൂടിയതിനെ തുടര്‍ന്ന് ഇയാളെ നേരത്തെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടിരുന്നു. അതിനോടുള്ള പ്രതികാരം ആയിട്ടാണ് രാത്രിയില്‍ കടയ്ക്ക് തീകൊളുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ട ശേഷം നാട്ടിലേക്ക് മുങ്ങിയതെന്നാണ് പരാതി. കടയുടമ കെ ടി അമാനുള്ളയാണ് ആലത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam