
കൈതമുക്ക്: തിരുവനന്തപുരത്ത് ട്യൂഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങുകയായിരുന്ന 17 വയസ്സുകാരനെയുംഅച്ഛനെയും നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് ഗുണ്ടാ സംഘം. ഗതാഗതം തടസ്സപ്പെടുത്തി ഗുണ്ടകളിട്ടിരുന്ന വാഹനം മാറ്റാൻ ഹോണ്‍ മുഴക്കിയതിൽ പ്രകോപനം പൂണ്ടായിരുന്നു ക്രൂര മർദ്ദനം. രക്ഷിക്കാനെത്തിയ ചിലർ ഗുണ്ടകളായ പ്രതികളെ കണ്ട് പിൻമാറിയെന്നാണ് മർദനമേറ്റ രാജേഷ് പ്രതികരിച്ചത്. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമകുറ്റം ചുമത്തി.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ട കൌമാരക്കാരന്റെ പിതാവ് രാജേഷ്. കൈതമുക്കിലെ ഇടറോഡിലൂടെ ബൈക്കിൽ വരുന്നതിനിടെ രണ്ടു കാറുകള്‍ യാത്ര തടസ്സപ്പെടുത്തി ഇട്ടിരുന്നു. കാറിലുണ്ടായിരുന്നവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. രാജേഷ് ബൈക്കിലെ ഹോണ്‍ മുഴക്കിയതിനെ പിന്നാലെ കാറിൽ നിന്നുമിറങ്ങിയ തകരപറമ്പ് കുട്ടനെന്നറിയപ്പെടുന്ന ശ്യാംകുമാറും ഒപ്പമുണ്ടായിരുന്നവരും രാജേഷിനെ അടിച്ച് നിലത്തിട്ടു. സഹായത്തിന് തൊട്ടടുത്തുള്ള ഹോട്ടലിൽ ഓടികയറി തിരിഞ്ഞുനോക്കിയപ്പോള്‍ പ്ലസ്ടു വിദ്യാർത്ഥിയായ മകൻ അഭിനവിനെ നിലത്തിട്ടു ചവിട്ടുന്നതാണ് കണ്ടത്.
രക്ഷിക്കാനെത്തിയ ചിലർ ഗുണ്ടകളായ പ്രതികളെ കണ്ട് പിൻമാറി. രാജേഷും മകനും ഫ്ലാറ്റിലേക്ക് ഓടികയറി ശേഷവും കൊലവിളിയുമായി പ്രതികളെത്തി. കാപ്പാ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ശ്യാമിനെ വട്ടിയൂർക്കാവിന് സമീപം വച്ച് പൊലിസ് അറസ്റ്റ് ചെയ്തു. കാറോടിച്ചിരുന്ന രഞ്ചുവെന്ന അഖിൽ പിന്നാലെ കീഴടങ്ങി. പക്ഷെ അക്രമത്തിൽ നേരിട്ട് പങ്കെടുത്തത് നേരത്തെ കൊലക്കേസിൽ പ്രതിയായ അരുണെന്ന മറ്റൊരാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഒരിടവേളക്കു ശേഷം ക്ഷേത്രങ്ങളിലെ പാർക്കിംഗിഗും ചന്തയും ക്ഷേത്രത്തിലെ പൂജാ സാധനങ്ങള്‍ വിൽക്കുന്ന തട്ടുമെല്ലാം ലേലത്തിൽ പിടിച്ച് ഗുണ്ടകള്‍ സജീവമാവുകയാണ്. പല കേസുകളിലും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ കൂട്ടിയാണ് ഗുണ്ടാനേതാക്കളും പലിശക്ക് പണം കൊടുക്കുന്നവരും വീണ്ടും സംഘം സജീവമാക്കുന്നത്. കൈതമുക്ക് ആക്രമത്തിൽ പൊലിസ് അന്വേഷിക്കുന്ന പ്രതിയും മുമ്പും വാഹന ഇടിച്ചതിൻെറ പേരിൽ ഒരു യുവാവിനെ കുത്തികൊന്ന കേസിൽ പ്രതിയായിരുന്നു. ഇന്നലെയും ഒരു ലേലത്തിൻെറ ഒത്തുതീർപ്പ് ചർച്ചക്കു ശേഷം മടങ്ങുമ്പോഴാണ് ഗുണ്ടാസംഘം അച്ഛനെയും മകനെയും ആക്രമിച്ചത്. ഭരണകക്ഷിയിലുള്ള ചില നേതാക്കളുമായുള്ള അടുത്ത ബന്ധവും ഗുണ്ടകള്‍ക്കുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam