
പാലക്കാട്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാന്‍ വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്കിയ താലൂക്ക് ആശുപത്രി ഓഫീസിന് 'വ്യത്യസ്തമായ മറുപടി' നല്കി പഞ്ചായത്ത് പ്രസിഡന്റ്. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീമാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ഒരു കിടപ്പ് രോഗിക്ക് വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കാന് കഴിഞ്ഞ ദിവസമാണ് കെപിഎം സലീമിന്റെ സഹായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും വെള്ളക്കടലാസ് ചോദിച്ചത്. എന്നാല്‍ പുറത്ത് പോയി വാങ്ങാനായിരുന്നു ഓഫീസിലെ അധികൃതര്‍ പറഞ്ഞത്.
ഇതോടെയാണ് കെപിഎം സലീം വ്യത്യസ്തമായ പ്രതിഷേധം നടത്തിയത് താലൂക്ക് ആശുപത്രി ഓഫീസിലേക്ക് ഒരു കെട്ട് വെള്ളപേപ്പറും 20 പേനയും വാങ്ങി നല്‍കിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിലെ ഒരു കിടപ്പ് രോഗിക്ക് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കെപിഎം സലീം താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഓഫീസ് രണ്ടാം നിലയിലായിരുന്നതിനാല്‍ കൂടെയുള്ള ഡ്രൈവറെ ആവശ്യമായ രേഖകളുമായി പറഞ്ഞുവിട്ടു. എന്നാല്‍ അപേക്ഷ എഴുതാന്‍ വെള്ളപേപ്പര്‍ ചോദിച്ചപ്പോഴാണ് പുറത്ത് പോയി വാങ്ങിവരാന്‍ ഓഫീസ് അധികൃതര്‍ പറഞ്ഞത്.
ഇതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ 'ഒരു കെട്ട് പേപ്പര്‍ നല്കി' പ്രതിഷേധം. ഭിന്നശേഷിക്കാരോടും, സാധാരണക്കാരോടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്ര മോശമായി പെരുമാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എതെന്ന് കെപിഎം സലീം പറയുന്നു.
പരിമിതികളും അതിജയിച്ച് കെ.പി.എം. സലീം തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്ക് എത്തിയത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനവാർത്തകളിൽ ഒന്നായിരുന്നു. രണ്ടാം വയസ്സിൽ പനി ബാധിച്ചതിനെ തുടർന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട സലീം ക്രച്ചസിന്റെ സഹായത്തോടെയാണ് ഇദ്ദേഹം നടക്കുന്നത്.
യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡൻറാണ്.തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിനിറങ്ങിയ സലീം ചാമപ്പറമ്പ് വാർഡിൽ നിന്നാണ് ജയിച്ചത്. പ്രചാരണ സമയത്ത് വീടില്ലാതിരുന്ന ഒരു കുടുംബത്തിന് വാഗ്ദാനം ചെയ്ത പുതിയ വീടിന് തറക്കല്ലിട്ട് സലീം വാർഡിൽ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam