അയൽവാസിയായ വയോധികയുടെ പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കൈയ്യേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശിയായ നജീബ് ആണ് അറസ്റ്റിലായത്. ഇയാൾ 2008ലെ നരഹത്യാക്കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

അടൂർ: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ആനന്ദപ്പള്ളി സ്വദേശിയായ താമരശ്ശേരി വടക്കേതിൽ വീട്ടിൽ നജീബ് എം.റ്റി.(37) ആണ് അറസ്റ്റിലായത്. അടൂർ പൊലീസ് സബ്ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് അറസ്റ്റ്. അയൽവാസിയായ വയോധികയുടെ വീട്ടിലെത്തി കലഹിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

ഡിസംബർ 12 ന് രാത്രിയാണ് സംഭവം നടന്നത്. വയോധികയുടെ പരാതി പൊലീസ് കൺട്രോൾ റൂമിലേക്കാണ് എത്തിയത്. നജീബിനെതിരെയായിരുന്നു 73കാരി പരാതി നൽകിയത്. തുടർന്ന് അടൂർ പൊലീസ് പ്രതിയെ തേടിയെത്തി. അക്രമാസക്തനായ പ്രതി പൊലീസിനെ അസഭ്യം പറഞ്ഞുകൊണ്ട് കൈയ്യേറ്റം ചെയ്തെന്നാണ് ആരോപണം. പോലീസുദ്യോഗസ്ഥന് പരിക്കേറ്റതോടെ പ്രതി ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു.

സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയ്.മോൻ, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ശ്യാം , സി.പി.ഒ മാരായ അർജുൻ, സനൽ, ആതിര, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 2008 ൽ അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത നരഹത്യാക്കേസിലും നജീബ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.