
പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയിൽ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം.10000 രൂപ മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി പാലേക്കാവിൽ അയ്യപ്പ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും മറ്റ് രണ്ട് ഭാഗത്തെ ഭണ്ഡാരങ്ങളും തകർത്താണ് മോഷണം നടന്നത്. കവർച്ചയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മടവാളും നാളികേരം പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരയും ക്ഷേത്ര കുളത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിൽ എത്തിയ പൂജാരിയാണ് ഭണ്ഡാരങ്ങൾ തകർന്ന നിലയിൽ കണ്ടെത്തുന്നത്. ഒരു ഭണ്ഡാരത്തിന് സമീപത്തു നിന്ന് പൂട്ടും തകർന്ന നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.