
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും 20,000 രൂപയും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടു. കർഷക റോഡിൽ ഗ്രീൻ ഗാർഡൻസിന് സമീപത്തെ ‘ലോർഡ്സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് കവർച്ച നടന്നത്.
മെയ് 24നും ജൂൺ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് മോഷണം നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് ബാഗിൽ നിന്നാണ് സ്വർണവും പണവും നഷ്ടമായത്. മൂന്ന് പട്ടുസാരികളും സ്വകാര്യ ബാങ്കിന്റെ ലോക്കർ താക്കോലും മോഷണം പോയിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിന് ഏകദേശം 40 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മോഷണം നടന്നതായി സംശയിക്കുന്ന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam