
വൈക്കം: തട്ടുകടയിൽ വെച്ചുണ്ടായ തർക്കത്തിൻ്റെ പേരിൽ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഗ്രേഷ്(29), രഞ്ജിത്ത്(34), ബിനോ (25), അനന്ദു സന്തോഷ് (26), അനന്ദു വി.ജി (25) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
ഒന്നാം തീയതി രാത്രിയിൽ ഉല്ലല കാളീശ്വരം അമ്പലത്തിന് സമീപം വച്ച് വൈക്കം സ്വദേശികളായ യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാക്കൾ രാത്രി 9 മണിയോടുകൂടി ആലത്തൂർ ഭാഗത്തുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഇവർക്ക് സീറ്റ് കിട്ടിയില്ല എന്നതിനെ ചൊല്ലി ഇവരും യുവാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. ഇതിനുശേഷം രാത്രി 11 മണിയോടെ യുവാക്കളെ കണ്ട ഇവർ യുവാക്കളെ ആക്രമിക്കുകയും, അലുമിനിയം പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. യുവാക്കളിലൊരാളെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയും, മർദ്ദിച്ചതിനുശേഷം വഴിയിൽ ഉപേക്ഷിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. അഗ്രേഷ് വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. രഞ്ജിത്തിന് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ സുരേഷ് എസ്.സത്യൻ, സി.പി.ഓ മാരായ ശിവദാസ പണിക്കർ, അജിത്ത് കെ.എ, ജോസ് മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
https://www.youtube.com/watch?v=Ko18SgceYX8