
ആലപ്പുഴ : ഏറെനേരം പരിശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ വന്നപ്പോൾ മോഷ്ടാവിനു നിരാശ. ഒപ്പം രോഷവും. ഒടുവിൽ ദേഷ്യം നേർച്ചപ്പെട്ടിയിൽ തീർത്ത് നിരാശനായി മടക്കം. പൊന്നാംവെളി മാർക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന പട്ടണക്കാട് പൂങ്കാവിൽ പുത്തൻപള്ളിവക പൊന്നാംവെളി മുഹുയുദ്ദീൻ മസ്ജിദിന്റെ നേർച്ചപ്പെട്ടി മോഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു കള്ളൻ.
വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു പാന്റും ഷർട്ടും ധരിച്ച മോഷ്ടാവ് നേർച്ചപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിക്കാൻ എത്തിയത്. രണ്ട് തവണയായി പലവഴി ശ്രമങ്ങൾ നടത്തിയിട്ടും നേർച്ചപ്പെട്ടി തകർക്കാനോ തുറക്കാനോ മോഷ്ടാവിനായില്ല. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് പടിച്ച പണി പതിനെട്ടും നോക്കിയിട്ടും മോഷണം വിഫലമായി കള്ളൻ മടങ്ങിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ പള്ളി അധികൃതർ പട്ടണക്കാട് പൊലീസിൽ പരാതി നൽകി.
പിഴയുടെ എസ്എംഎസ് ലഭിച്ചത് ഒറിജിനൽ ഉടമക്ക്: മോഷ്ടിച്ച സ്‌കൂട്ടർ കയ്യോടെ പൊക്കി ആർടിഒ
മലപ്പുറം: ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് മൊബൈലിലേക്ക് അയച്ച എസ് എം എസ് ലഭിച്ചത് ഒറിജിനൽ ഉടമക്ക്, ഉടമ വിളിച്ചപ്പോഴാണ് മോഷണം പോയ സ്‌കൂട്ടറാണെന്ന് മനസ്സിലായത്. കയ്യോടെ പൊക്കി ആർ ടി ഒ. എൻഫോഴ്സ്മെന്റ് ആർ. ടി. ഒ നടത്തിയ വാഹന പരിശോധനയിലാണ് മോഷണം പോയ ആക്സസ് സ്‌കൂട്ടർ പിടികൂടിയത്.
എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയിൽ നിന്നും പിടികൂടിയത്. ഇയാളെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. മലപ്പുറത്ത് ഡി. ടി. എച്ച് സർവീസ് നടത്തുന്നയാളാണ് ഇാൾ. ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ വരികയായിരുന്ന ഇയാളെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കൈ കാണിച്ചു നിറുത്തുകയും പിഴ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇ പോസ് മെഷീൻ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പണം കൈപറ്റി പിഴയൊടുക്കകയും ചെയ്തു. പിഴ അടച്ചതോടെ ആർ സി ഉടമ സുധീറിന്റെ ഫോണിലേക്ക് പിഴ അടച്ചെന്ന സന്ദേശം വന്നു. സുധീർ മലപ്പുറം എൻഫോഴ്സ്മെന്റിലേക്ക് വിളിച്ചു കാര്യം തിരക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായത്. വാഹനം ഓടിച്ചിരുന്നയാൾ രണ്ട് മാസം മുമ്പ് കോഴിക്കോട് സ്വദേശിയായ അജ്മലിൽ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിച്ചതാണ് സ്‌കൂട്ടറെന്ന് മൊഴി നൽകിയിട്ടുണ്ട്.
സുധീർ വാഹനം മോഷണം പോയതിനെ തുടർന്ന് ജനുവരിയിൽ കോതമംഗലം പൊലീസിൽ പരാതിയും നൽകിയിരുന്നു. കോഴിക്കോട് പൊലീസിൽ വിവരമറിയിക്കുകയും അജ്മലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈ. എസ്. പിയുടെ നേതൃത്വത്തിൽ എസ്. ഐ മുരളീധരൻ, അബ്ദുൾ ബഷീർ, സി. പി. ഒ മിർഷാദ് എന്നിവരാണ് സ്‌കൂട്ടർ പിടികൂടിയത്.
Read Also : തെളിവ് നശിപ്പിക്കാൻ തീയിട്ടു, കത്തിനശിച്ചത് ഏക്കർ കണക്കിന് കാട്, കോടികളുടെ നഷ്ടം
Read Also : 13 കോടിയുടെ അമൂല്യ വൈനുകള്‍ അടിച്ചുമാറ്റി, മുന്‍ സൗന്ദര്യറാണി അറസ്റ്റില്‍!