സെല്ലാറിലെ ജീവനക്കാരെ യുവതി തന്റെ സൗന്ദര്യം കൊണ്ട് ആകര്‍ഷിച്ച് ശ്രദ്ധ മാറ്റിയ നേരത്താണ്, സഹായി ആരുമറിയാതെ സെല്ലാറിലേക്ക് കടന്നുകയറി വിലപിടിപ്പുള്ള വൈന്‍ ബോട്ടിലുകള്‍ അടിച്ചു മാറ്റി മുറിയിലേക്ക് കൊണ്ടുവന്നത്. 

സ്‌പെയിനിലെ പ്രമുഖ റസ്‌റ്റോറന്റില്‍നിന്ന് 1.65 മില്യന്‍ യൂറോ (13 കോടി രൂപ) വിലവരുന്ന അമൂല്യമായ വൈന്‍ ബോട്ടിലുകള്‍ കവര്‍ന്ന കേസില്‍ മുന്‍ മെക്്‌സിക്കന്‍ സൗന്ദര്യ റാണിയും സഹായിയും അറസ്റ്റില്‍. 29-കാരിയായ മുന്‍ സൗന്ദര്യ റാണിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമായിരുന്നു കവര്‍ച്ച. യൂറോപ്പിലെങ്ങുമായി ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ്, ക്രൊയേഷ്യയില്‍വെച്ച് ഇവര്‍ പിടിയിലായത്. 

മെക്‌സിക്കോയില്‍ നടന്ന മുന്‍ മിസ് എര്‍ത്ത് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുത്ത പ്രിസില ലാറ ഗുവേരയാണ് അറസ്റ്റിലായത്. ഇവര്‍ രണ്ട് സൗന്ദര്യ മല്‍സരങ്ങളില്‍ കിരീടം ചൂടിയിരുന്നു. ഇവരുടെ സഹായിയായ കോണ്‍സ്റ്റാന്റിന്‍ ഗി്രയേല്‍ ഡുമിത്രു എന്ന റൊമാനിയന്‍ പൗരനും പിടിയിലായി.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 27-നാണ് സ്പാനിഷ് റസ്‌റ്റോറന്റില്‍ മോഷണം നടന്നത്. കാസെറസ് നഗരത്തിലെ പ്രശസ്തമായ എല്‍ ആട്രിയോ റസ്‌റ്റോറന്റിലാണ് കവര്‍ച്ച നടന്നത്. ഇവിടത്തെ വൈന്‍ സെല്ലാര്‍ അതിപ്രശസ്തമാണ്. ഇവിടെ വരുന്ന സഞ്ചാരികളുടെ അടക്കം ആകര്‍ഷണ കേന്ദ്രമാണ്, പതിറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ വൈനുകള്‍ അടക്കം സൂക്ഷിച്ചിരിക്കുന്ന സെല്ലാര്‍. ഇവിടേക്ക് കടന്നുകയറിയാണ് 45 വൈന്‍ ബോട്ടിലുകള്‍ എടുത്തു കൊണ്ടുപോയത്. 310,000 യൂറോ വില വരുന്ന 19-ാം നൂറ്റാണ്ടിലെ വൈന്‍ അടക്കം അമൂല്യമായ വൈനുകളാണ് ഇവര്‍ അടിച്ചുമാറ്റിയത്. 

അതിസമര്‍ത്ഥമായാണ് മോഷണം നടന്നത്. 29-കാരിയായ പ്രിസിലയും 47 വയസ്സുകാരനായ സഹായിയുമാണ് ഇവിടെ താമസിക്കാന്‍ എത്തിയത്. സെല്ലാറിലെ ജീവനക്കാരെ യുവതി തന്റെ സൗന്ദര്യം കൊണ്ട് ആകര്‍ഷിച്ച് ശ്രദ്ധ മാറ്റിയ നേരത്താണ്, സഹായി ആരുമറിയാതെ സെല്ലാറിലേക്ക് കടന്നുകയറി വിലപിടിപ്പുള്ള വൈന്‍ ബോട്ടിലുകള്‍ അടിച്ചു മാറ്റി മുറിയിലേക്ക് കൊണ്ടുവന്നത്. അവിടെവെച്ച് മുറിയിലുണ്ടായിരുന്ന ടവലുകളില്‍ ഇവ പൊതിഞ്ഞ ശേഷം, അതിരാവിലെ ഇവ ബാഗിലാക്കി പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. കോടിക്കണക്കിന് രൂപ വില വരുന്ന വൈന്‍ ബോട്ടിലുകള്‍ കവര്‍ച്ച പോയ സംഭവം അന്നേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

വലിയൊരു സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലുള്ളതെന്നായിരുന്നു സ്പാനിഷ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി കവര്‍ച്ചാ സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടരുകയായിരുന്നു. യൂറോപ്പിലാകെ മാസങ്ങളോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ്, ക്രൊയേഷ്യയില്‍വെച്ച് മുന്‍ സൗന്ദര്യ റാണിയും സഹായിയും പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി സ്പാനിഷ് പൊലീസ് അറിയിച്ചു. കവര്‍ച്ച നടത്തിയ ഹോട്ടലില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി ഇവര്‍ മൂന്ന് തവണ സന്ദര്‍ശനം നടത്തിയിരുന്നു. മൂന്നാമത്തെ തവണ സെല്ലാറിന്റെ മാസ്റ്റര്‍ കീകളിലൊന്ന് തട്ടിയെടുത്താണ് ഇവര്‍ സ്ഥലം വിട്ടത്. താമസിക്കാനെത്തുന്നവര്‍ക്കു മുന്നില്‍ അഭിമാനത്തോടെ തങ്ങളുടെ വൈന്‍ സെല്ലാര്‍ കാണിച്ചിരുന്ന ഹോട്ടല്‍ അധികൃതര്‍ ഇവരെയും സെല്ലാറിനകത്തേക്ക് കൊണ്ടുപോയിരുന്നു. അതിനിടയിലാണ് തന്ത്രപൂര്‍വ്വം താക്കോല്‍ ഇവര്‍ അടിച്ചുമാറ്റിയത്. ഈ താക്കോല്‍ ഉപയോഗിച്ചാണ്, പിന്നീട്, സഹായി സെല്ലാറിലേക്ക് നുഴഞ്ഞു കയറിയത്. ഈ സമയത്ത് സെല്ലാറിലെ ജീവനക്കാരെ തന്റെ അടുത്തേക്ക് എത്തിച്ച് അവരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു യുവതി. 

മെക്‌സിക്കോ സ്വദേശിയാണ് 29-കാരിയായ പ്രിസില. റുമേനിയക്കാരനായിരുന്നു ഇവരുടെ സഹായി. മെക്‌സിക്കോയില്‍ സൗന്ദര്യ മല്‍സരത്തില്‍ കിരീടം നേടിയ ശേഷം ഈ യുവതി പരസ്യ മോഡലായി ജോലി ചെയ്യുകയായിരുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.